രണ്ടാഴ്ച മുൻപാണ് ആദ്യ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു  ശ്രീജയും സുഹൃത്തും കുട്ടികൾക്കൊപ്പം താമസിച്ചത്. 

കണ്ണൂർ : കണ്ണൂരിൽ മൂന്ന് കുട്ടികളെ കൊലപ്പെടുത്തി അമ്മയും പങ്കാളിയും ജീവനൊടുക്കിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ ഭർത്താവിന്റെ പരാതിയിൽ പ്രശ്നം ചർച്ച ചെയ്യാൻ യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് ആത്മഹത്യയെന്ന വിവരമാണ് ഏറ്റവുമൊടുവിൽ പൊലീസിൽ നിന്നും ലഭിക്കുന്നത്. ചെറുപുഴ പാടിയോട്ടുചാലിൽ ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. പുലർച്ചെ ആറ് മണിയോടെയാണ് പാടിയോട്ട്ചാൽ വാച്ചാലിൽ അഞ്ചു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ, മക്കളായ സൂരജ് (12), സുജിൻ (10 ) സുരഭി (8) ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ സ്റ്റെയർകേസിന്റെ കമ്പിയിൽ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. 

രണ്ടാഴ്ച മുൻപാണ് ആദ്യ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും സുഹൃത്തും കുട്ടികൾക്കൊപ്പം താമസിച്ചത്. ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ സുനിൽ ആവശ്യപ്പെട്ടതാണ് തർക്ക കാരണം. പ്രശ്നം പരിഹരിക്കാൻ രാവിലെ സ്റ്റേഷനിൽ എത്താൻ മൂവർക്കും പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനിൽ വിളിച്ച് ജീവനൊടുക്കുകയാണെന്ന് അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആദ്യം കുട്ടികളെ കൊലപ്പെടുത്തി, ശേഷം പൊലീസിനെ വിളിച്ചു; കണ്ണൂരിനെ നടുക്കിയ ആത്മഹത്യയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏറെ കാലമായി മകൾ കുടുംബവുമായി അകൽച്ചയിലായിരുന്നുവെന്നും മുൻ ഭർത്താവുമായി പിരിഞ്ഞത് അറിയില്ലെന്നുമാണ് ശ്രീജയുടെ പിതാവ് ബാലകൃഷ്ണൻ പറയുന്നത്. ഏറെ കാലമായി ശ്രീജക്ക് വീട്ടുകാരുമായി ബന്ധമില്ലായിരുന്നു. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നതായി പെരിങ്ങോം വയകര പഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണനും പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)