കൊവിഡ് 19 കേരളത്തില്‍ നിയന്ത്രണവിധേയമാക്കാനുള്ള കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയെ പ്രശംസിച്ച് നടന്‍ അനൂപ് മേനോന്‍ രംഗത്ത്. ആരോഗ്യമന്ത്രിക്ക് മിഡിയ മാനിയയാണെന്ന പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് അനൂപ് മേനോന്‍ മന്ത്രിയെ വാഴ്ത്തി രംഗത്തെത്തിയത്.

ആരാധന തോന്നുന്ന ഒരു നേതാവാണ് ശൈലജ ടീച്ചറെന്ന് ഫേസ്ബുക്കില്‍ കുറിച്ച നടന്‍ ഇതുപോലുള്ള നേതാക്കൾ ഇനിയുമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി. അമിതമായ സംസാരം, അനാവശ്യമായ ഇടപെടലുകള്‍ ഇവയൊന്നുമില്ലാത്ത മന്ത്രി വാക്കുകൾ വളച്ചൊടിക്കാറില്ലെന്നും അദ്ദേഹം കുറിച്ചു. മാരകരോഗത്തെ നേരിടുമ്പോള്‍ രാഷ്ട്രീയപരമായ അവസരവാദവും മന്ത്രിക്കില്ല, ശുദ്ധവും സുതാര്യവുമായ രാഷ്ട്രീയസേവനത്തോടെ ടീച്ചർ ഇനിയും കേരളത്തെ നയിക്കണമെന്നും അനൂപ് കുറിച്ചിട്ടുണ്ട്.

നേരത്തെ പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനത്തിന് പിന്നാലെ നിരവധി പ്രമുഖര്‍ മന്ത്രിയെ വാഴ്ത്തി രംഗത്തെത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് അനൂപിന്‍റെ കുറിപ്പും എത്തിയിരിക്കുന്നത്.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക