ബംഗ്ലൂരു: ബെംഗ്ളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് കുരുക്കായി നിർണായക വെളിപ്പെടുത്തലുമായി മുഖ്യ പ്രതികളിലൊരാളായ അനൂപ് മുഹമ്മദ്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് മൊഴി നൽകി.പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലാണ് പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. 

50 ലക്ഷത്തിൽ അധികം രൂപ അനൂപ് ഈ വഴി സമാഹരിച്ചെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഇങ്ങനെ പണം നൽകിയവരിൽ നിരവധി മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജൻസി സംശയിക്കുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലുകളിൽ നിന്ന് ലഭിച്ച പുതിയ വെളിപ്പെടുത്തലുകളുടെയും മൊഴികളുടേയും അടിസ്ഥാനത്തിൽ ഈ നിക്ഷേപകരെ ചോദ്യം ചെയ്യാൻ എൻഫോഴ്സമെന്റ് ഉടൻ നോട്ടീസ് നൽകും. 

മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി ഹോട്ടലുകൾ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് മറയാക്കി ലഹരി കടത്തിനുവേണ്ടി സമാഹരിച്ച പണം വകമാറ്റിയോ എന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ആരോപണത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ബിനീഷ് എന്തു മറുപടി നല്‍കിയെന്ന് വ്യക്തമല്ല. പണം നല്‍കിയവരെയെല്ലാം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഇവരുടെ മൊഴികളില്‍ വ്യത്യാസം കണ്ടെത്തിയാല്‍ ബിനീഷിന് തന്‍റെ ഭാഗം വിശദീകരിക്കാനായി വീണ്ടും ബെംഗളൂരു എന്‍ഫോഴ്സ്മെന്‍റ് ആസ്ഥാനത്തെത്തേണ്ടിവരും.