Asianet News MalayalamAsianet News Malayalam

അന്തിക്കാട് കൊലപാതകം: കൊലയാളി സംഘത്തിലെ ഒരാൾ പിടിയില്‍

സംഘത്തിലെ മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊലയ്ക്ക് ശേഷം പ്രതികൾ തട്ടിയെടുത്ത കാറും ബൈക്കും കണ്ടെത്താനുള്ള ശ്രമവും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Anthikad murder one in police custody
Author
Thrissur, First Published Oct 10, 2020, 8:15 PM IST

തൃശൂർ: തൃശൂര്‍ അന്തിക്കാട് കൊലക്കേസ് പ്രതി നിധിലിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഘത്തിലെ ഒരാൾ പിടിയിൽ. മുറ്റിച്ചൂർ സ്വദേശി സനൽ ആണ് കസ്റ്റഡിയിലായത്. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ സിപിഎം ആണെന്നും ബിജെപി ആരോപിച്ചു. കൊലയ്ക്ക് സാഹചര്യമൊരുക്കിയത് മന്ത്രി എ സി മൊയ്തീനാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

രാവിലെ 11.30 ക്ക് അന്തിക്കാട് വട്ടുകുളം ക്ഷേത്രത്തിന് സമീപമാണ് സംഭവം. കൊലക്കേസില്‍ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ നിതില്‍ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ടു വരുമ്പോളാണ് കൊലപാതകമുണ്ടായത്. നിതിലിന്‍റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു. തുടര്‍ന്ന് നിതിലിനെ കാറില്‍ നിന്ന് വലിച്ചുപുറത്തിട്ടു വെട്ടികൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡിന്‍റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. 

അഞ്ച് പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്. ഇതിൽ സനലിനെ പിടികൂടിയത് തൃശൂരിൽ നിന്നാണ്. കൊലയ്ക്ക് ശേഷം പ്രതികൾ തട്ടിയെടുത്ത കാറും ബൈക്കും കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ജൂലായില്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ കൊലപ്പെടുത്തിയ കേസിലെ 9 പ്രതികളില്‍ ഒരാളാണ് നിതില്‍. നിതിലിന്‍റെ സഹോദരനാണ് ആദര്‍ശിനെ വെട്ടികൊലപ്പെടുത്തിയത്. നിതിലാണ് പ്രതികളെ ഒളിവില്‍ പോകാൻ സഹായിച്ചത്. 

രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള കുടിപകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ രാഷ്ട്രീയകൊലപാതകമെന്നാണ് ബിജെപിയുടെ ആരോപണം. കൊല്ലപ്പെട്ട നിതിലിന്‍റെ കാറിന്‍റെ മുൻസീറ്റില്‍ നിന്ന് പൊലീസ് വടിവാള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറയില്‍ കണ്ടെത്താനായിട്ടില്ല. മറ്റ് പ്രതികൾ ജില്ല വിട്ടിരിക്കാമെന്നാണ് നിഗമനം.

Follow Us:
Download App:
  • android
  • ios