കൊച്ചി: ആന്തൂരിലെ വ്യവസായി സാജന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻകൂ‍ർ ജാമ്യം തേടിയ മുൻ നഗരസഭാ സെക്രട്ടറിക്ക് തിരിച്ചടി. അറസ്റ്റ് തടയാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. സാജന്‍റെ ഭാര്യയടക്കമുളളവരെ ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി നിർ‍ദേശിച്ചു. 

പൊലീസ് അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് മുൻകൂർ ജാമ്യം വേണമെന്നും അടിയന്തരമായി അറസ്റ്റ് തടയണമെന്നു ആവശ്യപ്പെട്ട് മുൻ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നാളെയാണ് പരിഗണിക്കേണ്ടിയിരുന്നതെങ്കിലും അഭിഭാഷകൻ അടിയന്തര സ്വഭാവം ചൂണ്ടിക്കാട്ടി കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരികയായിരുന്നു. 

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ മുൻസിപ്പാലിറ്റിയിൽ യാതൊരു അപേക്ഷയും നൽകിയിരുന്നില്ലെന്നും ഭാര്യാ പിതാവ് പുരുഷോത്തമന്‍റെ പേരിലാണ് കൺവൻഷൻ സെന്‍ററിനായി പെർമിറ്റിന് അപേക്ഷ നൽകിയിരുന്നതെന്നും ഗിരീഷ് നല്‍കിയ ഹർജിയില്‍ പറയുന്നു.