കണ്ണൂര്‍:  ആന്തൂരിൽ ആത്മഹത്യ ചെയ്ത  പ്രവാസി വ്യവസായി   സാജന്‍റെ സഹോദരന്‍ ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി.  ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് സാജന്‍റെ സഹോദരൻ പാറയിൽ ശ്രീജിത് കക്ഷി ചേരുന്നത്. 

സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാന്‍ വൈകിപ്പിച്ചെന്ന ആരോപണത്തില്‍ നഗരസഭയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ കക്ഷിചേരാനുള്ള ശ്രീജിത്തിന്‍റെ തീരുമാനം. 

സഹോദരന്‍റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യത്തില്‍ നഗരസഭയിലെ ചില ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും  പങ്കുണ്ട്. കൺവൻഷൻ സെന്‍ററിന് അനുമതി വൈകിപ്പിച്ചതിലുള്ള പങ്കിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തനിക്കറിയാമെന്നും ഈ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാൻ തന്നെ കേസിൽ കക്ഷിയാക്കണമെന്നുമാണ് ശ്രീജിത് ആവശ്യപ്പെട്ടിരിക്കുന്നത്.