കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഏജൻസികൾ സത്യം പുറത്ത് കൊണ്ടുവരട്ടെയെന്നും കോടിയേരി പറഞ്ഞു. അന്വേഷണം നടന്നു കൊണ്ടിരിക്കെ ഇടതുപക്ഷത്തിനെതിരെ മാധ്യമങ്ങൾ കള്ള പ്രചാരണം നടത്തിയതായും അദ്ദേഹം ആരോപിച്ചു.

അതേസമയം, ആന്തൂർ വിഷയത്തിൽ ഇന്നലെ സിപിഎം കണ്ണൂർ ജില്ലാനേതൃത്വം നിലപാട് തിരുത്തിയിരുന്നു. നഗരസഭാ ഭരണസമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന സംസ്ഥാന സമിതി നിലപാട് ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നഗരസഭാധ്യക്ഷയ്ക്ക് വീഴ്ച പറ്റിയെന്നായിരുന്നു നേരത്തെ ജില്ലാ സെക്രട്ടേറിയറ്റിന്‍റെ നിലപാട്. ഇക്കാര്യത്തിൽ പാർട്ടിയിൽ വ്യത്യസ്ത നിലപാടുകളില്ലെന്ന് ജില്ലാ കമ്മിറ്റിക്ക് ശേഷം കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.