മലപ്പുറം: പരപ്പനങ്ങാടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികളുമായി മലപ്പുറം ജില്ലാ ഭരണകൂടം. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ 16-ാം നമ്പര്‍ വാര്‍ഡിലെ ഒരു വീട്ടില്‍ വളര്‍ത്തുന്ന കോഴികളാണ് പക്ഷിപ്പനി ബാധിച്ച് ചത്തത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാംപിളുകളില്‍ രണ്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിനാല്‍ ചുറ്റുവട്ടത്തെ മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാനാണ് കളക്ട്രേറ്റില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലെ തീരുമാനം. 

കോഴിക്കള്‍ ചത്ത വീടിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷികളേയും മറ്റന്നാള്‍ മുതല്‍ കൊന്നു കത്തിക്കും. ഇതോടൊപ്പം പത്ത് കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷിഫാമുകളും അടയ്ക്കും. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 15,16, 17, 28, 29 വാര്‍ഡുകളിലെ മുഴുവന്‍ പക്ഷികളേയും കൊല്ലാനാണ് തീരുമാനം. 

പക്ഷികളെ സുരക്ഷിതമായി കത്തിച്ചു കൊല്ലുന്നതിനായി ഇരുപത് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത്രയും വാര്‍ഡുകളിലെ വീടുകളിലും ഫാമുകളിലും കടകളിലുമായി നാലായിരം കോഴികളെങ്കിലും ഉണ്ടാവും എന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസം കൊണ്ടു മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കാരണവശാലും പക്ഷിപ്പനി ജാഗ്രത മേഖലകളില്‍ വളര്‍ത്തുന്ന കോഴികളെ മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിക്കരുതെന്നും അങ്ങനെ ചെയ്താല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 

പക്ഷിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും ഏകോപിപ്പിക്കും. 

പ്രദേശവാസികള്‍ കോഴിയടക്കമുള്ള പക്ഷിയിറച്ചി കഴിക്കുന്നതിന് വിലക്കില്ലെന്നും എന്നാല്‍ കൃത്യമായി വേവിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. മലപ്പുറത്തും, കോഴിക്കോടും പക്ഷിപ്പനി ബാധിച്ച സാഹചര്യത്തില്‍  കടലുണ്ടിയിലേയും വള്ളിക്കുന്നിലേയും പക്ഷി സങ്കേതങ്ങളില്‍ ദേശാടന പക്ഷികള്‍ എത്തുന്നത് തടയുന്നതിനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.