Asianet News MalayalamAsianet News Malayalam

സംയുക്തപ്രക്ഷോഭത്തില്‍ സംസ്ഥാനകോണ്‍ഗ്രസിലെ ഭിന്നനിലപാട്; അതൃപ്തി അറിയിച്ച് സോണിയ ഗാന്ധി

സംയുക്തപ്രതിഷേധത്തിന്‍റെ എല്ലാ ക്രെഡിറ്റും സിപിഎമ്മിനെന്ന നിലയിലേക്കെത്തിക്കരുതെന്നും കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷനേതാവും തമ്മില്‍ വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്ടാകരുതെന്നും സോണിയ ആവശ്യപ്പെട്ടതായും വിവരമുണ്ട്.

anti caa joint protest controversy sonia gandhi reaction
Author
Thiruvananthapuram, First Published Jan 14, 2020, 5:41 PM IST

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലെ സംസ്ഥാന ഘടകത്തിന്‍റെ  ഭിന്നനിലപാടില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പൗരത്വ നിയമഭേദഗതിക്കെതിരായ സംയുക്തപ്രക്ഷോഭവുമായി ബന്ധപ്പെട്ട സംസ്ഥാന ഘടകത്തിന്‍റെ ഭിന്ന നിലപാടിലാണ് സോണിയ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചത്.

സിപിഐഎമ്മിനൊപ്പമുള്ള സംയുക്തപ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങളാണ് കോണ്‍ഗ്രസില്‍ ഭിന്നത സൃഷ്ടിച്ചത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ ഭിന്നനിലപാട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സോണിയയെ ധരിപ്പിച്ചതായി സൂചന. ഭിന്നത സിപിഐഎം പരമാവധി മുതലെടുക്കുന്നതിന് ഇടയാക്കിയെന്ന വിമര്‍ശനവും സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ സോണിയ ഇടപെട്ട് കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളിയെ പിന്തുണക്കണമെന്ന് മറ്റ് നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം. 

സംയുക്തപ്രതിഷേധത്തിന്‍റെ എല്ലാ ക്രെഡിറ്റും സിപിഎമ്മിനെന്ന നിലയിലേക്കെത്തിക്കരുതെന്നും കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷനേതാവും തമ്മില്‍ വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്ടാകരുതെന്നും സോണിയ ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മീറ്റിംഗിന് ശേഷം ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി എന്നിവര്‍ സംയുക്തമായി വാര്‍ത്താസമ്മേളനം വിളിച്ച് മുല്ലപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ചത്.  പൗരത്വ പ്രക്ഷോഭത്തില്‍ ഇനി സിപിഎമ്മുമായി യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് മുല്ലപ്പള്ളിയുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. 

സര്‍ക്കാരുമായി യോജിച്ച് സമരം നടത്തിയ പ്രതിപക്ഷ നേതാവിന്‍റെ നിലപാടിനെ കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി തള്ളി പറഞ്ഞതോടെയാണ് സംയുക്തപ്രക്ഷോഭമെന്ന വിഷയം ചൂടുപിടിച്ചത്. ഒരു വിഭാഗം നേതാക്കള്‍ മുല്ലപ്പള്ളിക്കൊപ്പവും ഒരു വിഭാഗം ചെന്നിത്തലക്കൊപ്പവും നിന്നു. സിപിഎമ്മാകട്ടെ കോണ്‍ഗ്രസിലെ തമ്മിലടി തുറന്നുകാട്ടിയതിനൊപ്പം  മുല്ലപ്പള്ളിയെ രൂക്ഷമായിവിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ ഇതിനെ പ്രതിരോധിച്ചില്ല. പൗരത്വനിയമഭേദഗതി, കെപിസിസി പുനസംഘടന തുടങ്ങിയ വിഷയങ്ങള്‍  ചര്‍ച്ചചെയ്യാന്‍ ദില്ലിയിലെത്തിയതായിരുന്നു കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍.

Follow Us:
Download App:
  • android
  • ios