തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥികൾക്കടക്കം മ‍ര്‍ദ്ദനമേൽക്കേണ്ടി വരുന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്കയറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം തന്റെ ആശങ്ക അറിയിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മലയാളി വിദ്യാര്‍ത്ഥികളെ ദില്ലി യൂണിവേഴ്സിറ്റിയിൽ തെരഞ്ഞുപിടിച്ച് മ‍‍ര്‍ദ്ദിക്കുന്ന സംഭവം ഉണ്ടായിരുന്നു. ഇതടക്കമുള്ള വിഷയങ്ങളിലാണ് ആശങ്ക അറിയിച്ചിരിക്കുന്നത്.

"പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ രാജ്യത്താകമാനമുള്ള ക്യാംപസുകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അക്രമ സംഭവങ്ങൾ നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ ചില സംഘങ്ങൾ കായികമായി ആക്രമിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരിൽ ചിലര്‍ കേരളത്തിൽ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. കുട്ടികളുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും സംസ്ഥാന സ‍ര്‍ക്കാരിനും ഈ വിഷയത്തിലുള്ള ആശങ്ക രേഖപ്പെടുത്തുന്നു. ഇത്തരം അക്രമ സംഭവങ്ങൾ നടക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നു." ഇതാണ് കത്തിലെ ഉള്ളടക്കം.