Asianet News MalayalamAsianet News Malayalam

അർധരാത്രിയിൽ യുവാക്കളും വിദ്യാർത്ഥികളും തെരുവിലിറങ്ങി; കേരളത്തിൽ ശക്തമായ പ്രതിഷേധം

  • ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, എംഎസ്എഫ്, എസ്‌ഡിപിഐ, എസ്എസ്എഫ് പ്രവർത്തകരെല്ലാം മിന്നൽ പ്രതിഷേധവുമായി തെരുവിലിറങ്ങി
  • ഡിവൈഎഫ്ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു
Anti CAA protest youths and students strike against jamia police actions
Author
Trivandrum, First Published Dec 16, 2019, 7:36 AM IST

തിരുവനന്തപുരം: ദില്ലി ജാമിയ മിലിയ സർവ്വകലാശാലയ്ക്ക് അകത്തേക്ക് കടന്ന് ദില്ലി പൊലീസ് നടത്തിയ മർദ്ദനത്തിൽ കേരളത്തിൽ അലയടിച്ചത് ശക്തമായ പ്രതിഷേധം. ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, എംഎസ്എഫ്, എസ്‌ഡിപിഐ, എസ്എസ്എഫ് പ്രവർത്തകരെല്ലാം മിന്നൽ പ്രതിഷേധവുമായി തെരുവിലിറങ്ങി.

സംസ്ഥാനത്ത് ഏറ്റവും ശക്തമായ പ്രതിഷേധം അരങ്ങേറിയത് രാജ്ഭവന് മുന്നിലായിരുന്നു. രാത്രി പത്തരയോടെ മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീടങ്ങോട്ട് സംസ്ഥാനമൊട്ടാകെ വലിയ തോതിൽ പ്രതിഷേധം ഇരമ്പി.

ഡിവൈഎഫ്ഐക്ക് പിന്നാലെ കെഎസ്‌യുവും രാജ്ഭവനിലേക്ക് പ്രതിഷേധവുമായി എത്തി. പൊലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നു. എസ്എഫ്ഐ, എംഎസ്എഫ്, എസ്ഡിപിഐ പ്രവർത്തകരും രാജ്ഭവനിലേക്ക് മാർച്ച് നടത്തി.

എറണാകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ റിസർവ് ബാങ്കിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. പ്രവർത്തകർ ട്രെയിനിന് മുകളിൽ കയറി പ്രതിഷേധിച്ചു.

കോഴിക്കോട് ഡിവൈഎഫ്ഐയും കെഎസ്‌യുവും ട്രെയിൻ തടഞ്ഞു. തലശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. കൂത്തുപറമ്പിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി.

എഐവൈഎഫ് പ്രവർത്തകർ പൊന്നാനിയിൽ റോഡ് ഉപരോധിച്ചു.   തമ്പാനൂർ റയിൽവേ സ്റ്റേഷനിലേക്ക് എസ്എസ്എഫ് പ്രവർത്തകർ മാർച്ച് നടത്തി. 

Follow Us:
Download App:
  • android
  • ios