തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെ കേന്ദ്രവുമായി പോര് നടക്കുന്നതിനാൽ സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന് സംസ്ഥാന സർക്കാരിന്‍റെ പരാതി. വായ്പ പരിധി കൂട്ടണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തത് സിഎഎയോടുള്ള സംസ്ഥാനത്തിന്‍റെ എതിര്‍പ്പുകൊണ്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. ബജറ്റിൽ റബറിന്‍റെ താങ്ങുവില 200 രൂപയായി ഉയർത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. 

പൗരത്വനിയമഭേദഗതിക്കെതിരെ ശക്തമായി നിൽക്കുന്നതിനാൽ വികസനപദ്ധതികളിൽ കേരളത്തെ ഒഴിവാക്കുന്നുവെന്നാണ് സംസ്ഥാന സർക്കാരിന്‍റെ ആക്ഷേപം. വായ്പ പരിധി 3 ശതമാനം, അതായത് 24,000 കോടി രൂപയായി ഉയർത്തണമെന്ന സംസ്ഥാനം നിരന്തരമായി ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്തത് ഇതിന്‍റെ ഭാഗമാണെന്നാണ് പരാതി. പ്രളയക്കെടുതി നേരിടുന്നതിന് ചോദിച്ച സഹായം നൽകാത്തതും ഇതിന്‍റെ ഭാഗമാണെന്നാണ് ആരോപണം.

കഴിഞ്ഞ ബജറ്റിൽ കേരളം ഉന്നയിച്ച ആവശ്യങ്ങളൊന്നും അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞതവണ ഉന്നയിച്ച പല ആവശ്യങ്ങളും ഇത്തവണ മുന്നോട്ട് വയ്ക്കുന്നുണ്ട്. റബ്ബര്‍ താങ്ങുവില 150 രൂപയിൽ നിന്ന് 200 രൂപയാക്കിയാൽ പകുതി സംസ്ഥാനം വഹിക്കാമെന്നാണ് സംസ്ഥാനത്തിന്‍റെ വാഗ്ദാനം. കൊച്ചിൻ ഷിപ്പിയാഡ്, വെള്ളൂർ ന്യൂസ് പ്രിന്‍റ് ഫാക്ടറി, തിരുവനന്തപുരം വിമാനത്താവളം എന്നിവയുടെ ഓഹരി വിൽക്കുമ്പോൾ സ്വകാര്യമേഖലക്ക് പകരം സംസ്ഥാനസർക്കാരിനെ പരിഗണിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടും. 

തൊഴിലുറപ്പ് പദ്ധതി 150 ദിവസമായി ഉയർത്തണമെന്നാണ് സംസ്ഥാനത്തിന്‍റെ മറ്റൊരാവശ്യം. നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പൂഡ് റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകണം എയിംസിന് തുല്യമായ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മലബാർ ക്യാൻസർ സെന്‍ററിനെ കേന്ദ്രസർക്കാരിന്‍റെ രാഷ്ട്രീയആരോഗ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും കേരളം ഉന്നയിച്ചിട്ടുണ്ട്.