Asianet News MalayalamAsianet News Malayalam

ഞായാറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടി: എതിർപ്പറിയിച്ച് ക്രൈസ്തവ സംഘടനകൾ, പരിപാടി മാറ്റില്ലെന്ന് സർക്കാർ

മറ്റൊരു ദിവസം പരിപാടി നടത്തണമെന്ന് ക്രൈസ്തവ സഭ നേതാക്കൾ. പരിപാടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി, ലഹരിക്കെതിരായ ക്യാംപെയ്ൻ പൊതു വികാരമായി കണക്കാക്കണമെന്നും പിണറായി വിജയൻ

Anti drug program on Sunday, Christian organisations expresses protest to CM , Government says no change in programme
Author
First Published Oct 1, 2022, 11:35 AM IST

കൊച്ചി: ലഹരിവിരുദ്ധ ക്യാംപെയ്ൻ നാളെ തുടങ്ങാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധമറിയിച്ച് ക്രൈസ്തവ സംഘടനകൾ. പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിലാണ് ക്രൈസ്തവ സഭാ നേതാക്കൾ എതിർപ്പ് അറിയിച്ചത്. മറ്റൊരു ദിവസം പരിപാടി നടത്തണമെന്ന് ക്രൈസ്തവ സഭ നേതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രായോഗി ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, പക്ഷേ, പരിപാടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി. ലഹരിക്കെതിരായ ക്യാംപെയ്ൻ പൊതു വികാരമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

സർക്കാർ തീരുമാനത്തിൽ കെസിബിസി വിയോജിപ്പ് രേഖപ്പെടുത്തി. നാളെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന മുൻ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി കെസിബിസി പ്രതിനിധി യോഗത്തെ അറിയിച്ചു. ഇക്കാര്യത്തിൽ ആരെയും വെല്ലുവിളിക്കാനില്ല. മതപരമായ പരീക്ഷകളും ചടങ്ങുകളും ഒഴിവാക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി.  ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്‍റെ  ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്‌ച വിശ്വാസപരമായ കാര്യങ്ങൾക്ക് നീക്കിവയ്ക്കണം.  ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി  മറ്റൊരു ദിവസം ആചരിക്കണമെന്നും കെസിബിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. 

ഞായാറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടി: എതിർപ്പറിയിച്ച് മാർത്തോമ സഭയും, സർക്കാർ പ്രതിരോധത്തിൽ

കെസിബിസിക്ക് പിന്നാലെ മാർത്തോമ സഭയും ഞായറാഴ്ച ലഹരി വിരുദ്ധ ക്യാംപെയ്ൻ ആചരിക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികൾ ഞായറാഴ്ച വിശുദ്ധ ദിനമായാണ് കണക്കാക്കുന്നത്. ലഹരിവിരുദ്ധ പരിപാടിക്കായി ‌ഞായറാഴ്ച തന്നെ തെരഞ്ഞെടുത്തത് വേദനാജനകമാണ്. ഇത് കണക്കിലെടുത്ത് നാളത്തെ (ഞായറാഴ്ചയിലെ) ലഹരി വിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്ന് സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനെ പൂർണമായി പിന്തുണയ്ക്കുന്നെന്നും മാർത്തോമാ സഭ വ്യക്തമാക്കി.

'സർക്കാരിന് വൈരാഗ്യബുദ്ധിയോ നിർബന്ധ ബുദ്ധിയോ ഇല്ല'

അതേസമയം സർക്കാരിന് വൈരാഗ്യബുദ്ധിയോ നിർബന്ധ ബുദ്ധിയോ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. നാളത്തന്നെ പരിപാടി നിശ്ചയിച്ചത് ഗാന്ധി ജയന്തിയെന്ന ദിനത്തിലെ പ്രാധാന്യം കണക്കാക്കി മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. പരിപാടിയുടെ പ്രാധാന്യം കണക്കിലെടുത്ത് സന്ദേശവുമായി പരമാവധി സഹകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ ബോധവത്കരണം നാളെക്കൊണ്ട് തീരുന്നതല്ല എന്നും മന്ത്രി പറഞ്ഞു.

ഒക്ടോബർ 2 മുതൽ നവംബർ 1 വരെ തീവ്ര ലഹരിവിരുദ്ധ ക്യാമ്പയിനിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പങ്കെടുക്കണണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും പരിപാടികൾ നടത്തുന്നതിന് നടപടി ഉണ്ടാകണമെന്നും മന്ത്രി നിർദേശിച്ചിരുന്നു. ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. പരമാവധി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഗാന്ധിജയന്തി ദിനത്തിൽ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
ലഹരി വിരുദ്ധ പ്രചരണ പരിപാടികള്‍ക്ക് നാളെ തുടക്കം, കെസിബിസി ഇടഞ്ഞ് തന്നെ

സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാകും. കുട്ടികളിലെ ലഹരി വ്യാപനം തടയാനായി 1,80,000 അധ്യാപകർക്ക് എക്സൈസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് പരിശീലനം നൽകിയതായി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. ലഹരിക്കെരിരെ വിവിധ ഏജൻസികളും പൊതുജനങ്ങളും കൈകോർക്കുന്ന ബൃഹത് പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗവും ലഹരി കടത്തിലും ലഹരി ഉപയോഗത്താലുണ്ടാകുന്ന കുറ്റകൃത്യങ്ങളിലും ഉള്‍പ്പെടുന്നതിൽ 25 വയസ്സിന് താഴെയുള്ളവരുടെ എണ്ണവും വർ‍ദ്ധിക്കുകയാണ്. പൊലീസും- എക്സൈസും മാത്രം വിചാരിച്ചാൽ പ്രതിരോധം സാധ്യമാകില്ലെന്ന തിരിച്ചവിലാണ് ജനകീയ ക്യാമ്പയിനിലേക്ക് സർക്കാർ കടന്നത്. 

മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാനതല സമതി മുതൽ വാർഡ് തല സമിതി വരെ രൂപീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന ബോധവത്കരണം. എക്സൈസ് വകുപ്പിന്റെ ഉണര്‍വും- പൊലീസിന്റെ യോദ്ധാവും സ്കൂള്‍ കോളജ് തലങ്ങളിലും പ്രവർത്തിക്കും. വിദ്യാഭ്യാസ വകുപ്പുമായി പരിശീലത്തിനായി പാഠ്യപദ്ധതി തയ്യാറാക്കിയിരുന്നു. 230 അധ്യാപകർക്ക് ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി. ലഹരി ഉപയോഗിക്കുന്ന കുട്ടികളുലുണ്ടാകുന്ന സ്വഭാവ വ്യത്യാസം, ലഹരിമരുന്നുകളെ കുറിച്ചുള്ള അറിവുമെല്ലാം പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തിയിരുന്നു. പരിശീലനം ലഭിച്ച അധ്യാപകർ ഓരോ ജില്ലകളിലെ മറ്റ് അധ്യാപകര പരിശീലിപ്പിച്ചു. അടുത്ത ഘട്ടത്തിൽ രക്ഷിതാക്കള്‍ക്കും പരിശീലനം നൽകും. 

Follow Us:
Download App:
  • android
  • ios