Asianet News MalayalamAsianet News Malayalam

ജപ്തി നടപടികളില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം

കേരളത്തില്‍ ആയിരക്കണക്കിന് പേർ ജപ്തിഭീഷണി നേരിടുന്നതായി സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ആരോപിക്കുന്നു

anti sarfasi peoples movement decides to strengthen protest across kerala
Author
Kochi, First Published May 16, 2019, 7:27 AM IST

കൊച്ചി: സർഫാസി നിയമം ഉപയോഗിച്ച് ബാങ്കുകള്‍ നടത്തിവരുന്ന ജപ്തി നടപടികളില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം. വിവിധ ജില്ലകളിലായി സമര സമിതികള്‍ രൂപീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കേരളത്തില്‍ ആയിരക്കണക്കിന് പേർ ജപ്തിഭീഷണി നേരിടുന്നതായി സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ആരോപിക്കുന്നു.

രണ്ട് ലക്ഷം രൂപ വായ്പയെടുത്ത് ഒടുവില്‍ 2.70 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന് ബാങ്ക് ആരോപിച്ച കൊച്ചി പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ വർഷങ്ങള്‍ നീണ്ട സമരം സംഘടിപ്പിച്ചാണ് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ശ്രദ്ധേയമായത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി തുച്ഛമായ തുക വായ്പയെടുത്ത് ജപ്തിഭീഷണി നേരിടുന്നവരെ സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചു വരികയാണ് സംഘടന. ജപ്തി നടപടികള്‍ക്കു വരുന്ന ബാങ്ക് അധികൃതരെ പലയിടത്തും കായികമായി നേരിട്ടാണ് ഇവർ പിന്തിരിപ്പിച്ചത്.

എറണാകുളം ജില്ലയില്‍ മാത്രം ജപ്തി ഭീഷണികാരണം നാല് പേർ മരിച്ചെന്നും, രണ്ടുപേർ ആത്മഹത്യ ചെയ്തെന്നും സമരക്കാർ പറയുന്നു. വയനാട്ടില്‍ 8600 കർഷകർ ജപ്തി ഭീഷണിനേരിടുന്നു. ഇവരിൽ 10 പേർ ഇതിനോടകം ആത്മഹത്യ ചെയ്തു. കൊല്ലത്ത് ഒരു ലക്ഷത്തിലേറെ പേർ ജപ്തി ഭീഷണി നേരിടുന്നു.

കശുവണ്ടി വ്യവസായ മേഖലയിലെ 700 ചെറുകിട ഫാക്ടറികള്‍ വായ്പ തിരിച്ചടയ്ക്കാനാകാതെ ഇതിനോടകം അടച്ചുപൂട്ടി. 4 പേർ ജില്ലയില്‍ ഇതിനോടകം ജീവനൊടുക്കിയെന്നും സംഘടനയുടെ കണക്കിലുണ്ട്. എറണാകുളം കൂടാതെ കൊല്ലം, പാലക്കാട്, ആലപ്പുഴ, തൃശൂർ, വയനാട് എന്നിവിടങ്ങളിലായി പ്രാദേശിക സമരസമിതികള്‍ രൂപീകരിച്ച് സമരം ശക്തമാക്കാനാണ് തീരുമാനം.

Follow Us:
Download App:
  • android
  • ios