Asianet News MalayalamAsianet News Malayalam

അട്ടപ്പാടി മധു കേസ് : അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി

മൂൻകൂർ ജാമ്യത്തിന് അർഹതയില്ലാത്ത ഹർജിയെന്ന് കോടതി ഹര്‍ജിയെ വിമർശിച്ചു. 

Anticipatory bail plea rejected in case of threatening mother and sister in Attappadi Madhu murder case
Author
First Published Nov 14, 2022, 12:44 PM IST


ദില്ലി: പാലക്കാട് അട്ടപാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ നിന്നും പിന്മാറാന്‍ മധുവിന്‍റെ അമ്മയും സഹോദരിയും ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയുടെ മുൻകൂർ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി. പ്രതി അബ്ബാസിന്‍റെ അപേക്ഷയാണ് കോടതി തള്ളിയത്. മൂൻകൂർ ജാമ്യത്തിന് അർഹതയില്ലാത്ത ഹർജിയെന്ന് കോടതി ഹര്‍ജിയെ വിമർശിച്ചു. ജസ്റ്റിസ് ദിനേശ മഹേശ്വരീ, ജസ്റ്റിസ്  സുധാംശു ദുലിയാ എന്നിവരുള്‍പ്പെട്ട രണ്ട് പേരടങ്ങുന്ന ബഞ്ചാണ് കേസ് തള്ളിയത്. മധുവിന്‍റെ അമ്മ നൽകിയ പരാതിയിൽ മണ്ണാർക്കാട്  മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. അഭിഭാഷകൻ റോയ് എബ്രഹാമാണ് ഹർജിക്കാരാനായി ഹാജരായത്. ഈ കേസില്‍ നേരത്തെ അബ്ബാസിന്‍റെ ഡ്രൈവര്‍ അറസ്റ്റിലായിരുന്നു. 

ഇതിനിടെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദ്ദനം മൂലമെന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട് പുറത്ത് വന്നു. മധുവിന് നേരെ ആൾക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മധു മരിക്കാൻ മറ്റ് കാരണങ്ങൾ ഇല്ലെന്നും നാല് പേജുള്ള റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  മജിസ്റ്റീരിയൽ റിപ്പോർട്ട് മണ്ണാർക്കാട് വിചാരണ കോടതിയിൽ സമർപ്പിച്ചു. മധുവിന്‍റേത് കസ്റ്റഡി മരണമാണോയെന്ന് കണ്ടെത്താനാണ് ഒറ്റപ്പാലം സബ് കളക്ടറായിരുന്ന ജെറോമിക് ജോർജിന്‍റെ നേതൃത്വത്തിൽ 2018 -ൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയത്. മധുവിനെ മുക്കാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തിരുന്നു. 

വിവിധ മോഷണക്കേസുകളിൽപ്പെട്ട മധുവിനെ പിടികൂടിയിട്ടുണ്ടെന്ന് സ്റ്റേഷനിലേക്ക് വന്ന് വിവരത്തെ തുടർന്നാണ് അഡീഷണൽ എസ് ഐ പ്രസാദ് വർക്കിയുടെ നേതൃത്വത്തിൽ പൊലീസ് മുക്കാലിയിലെത്തിയത്. മധുവിനെ കസ്റ്റഡിയിലെടുക്കുമ്പോൾ മധുവിന്‍റെ ദേഹത്ത് നോക്കിയാൽ കാണാവുന്ന പരിക്കുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. എന്നാല്‍, മുക്കാലിയിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ മധു ഛർദിക്കുകയും അവശനാകുകയും ചെയ്തു. അടുത്തുള്ള ആശുപത്രിയായ അഗളി കമ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ 4.15 ന് മധുവിനെ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ മധു മരിച്ചതായി പരിശോധിച്ച ഡോക്ടർ അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സാക്ഷികള്‍ പല തവണ കൂറ് മാറിയ കേസില്‍ വിചാരണ പുരോഗമിക്കുകയാണ്. 


കൂടുതല്‍ വായനയ്ക്ക്:  അട്ടപ്പാടി മധുകേസ്: പൊലീസ് കസ്റ്റഡിയിൽ പീഡനമേറ്റിട്ടില്ലെന്ന് ആവർത്തിച്ച് മുൻ മജിസ്ട്രേറ്റ്, കോടതിയിൽ വിസ്താരം

കൂടുതല്‍ വായനയ്ക്ക്:  'മധുവിൻ്റേത് കസ്റ്റഡി മരണമല്ല', മജിസ്റ്റീരിയൽ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

 


 

Follow Us:
Download App:
  • android
  • ios