തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ 3 വർഷത്തെ തടവ് ശിക്ഷ വിധിച്ച കേസിൽ ആന്റണി രാജു എംഎൽഎയും കൂട്ടുപ്രതി കെ എസ് ജോസും ഉടൻ അപ്പീൽ നൽകും

തിരുവനന്തപുരം: വിദേശ പൗരനെ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ 3 വർഷത്തെ തടവ് ശിക്ഷ വിധിച്ച കേസിൽ ആന്റണി രാജു എംഎൽഎയും കൂട്ടുപ്രതി കെ എസ് ജോസും ഉടൻ അപ്പീൽ നൽകും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ്, അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചുകൊണ്ടാണ് ഇരുപ്രതികൾക്കും ജാമ്യം നൽകിയത്. അപ്പീൽ നടപടികൾ കോടതിയെ അറിയിക്കുകയും വേണം. ശിഷ ലഭിച്ചതോടെ എംഎൽഎ സ്ഥാനത്ത് തുടരാൻ ആന്റണി രാജുവിന് കഴിയില്ല. വിധി പകർപ്പ് ലഭിച്ച ശേഷം ഇതുസംബന്ധിച്ച് നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും. 

തൊണ്ടി മുതലിൽ കൃത്രിമം നടത്തിയ കേസിൽ ആന്റണി രാജുവിന് അർഹമായ ശിക്ഷ കിട്ടിയില്ലെന്ന് കാട്ടി പ്രോസിക്യൂഷനും അപ്പീൽ പോകാൻ സാധ്യതയുണ്ട്. കീഴ്ക്കോടതി വിധിയിൽ പോരായ്മ ഉണ്ടെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം ശരിയായി പരിഗണിച്ചില്ല എന്നുമാണ് വിലയിരുത്തൽ.