തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിങ് ഏരിയയിൽ തീപിടിത്തം. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിങ് ഏരിയയിൽ വൻ തീപിടുത്തം. 500ലേറെ ബൈക്കുകൾ കത്തിയമർന്നു. റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടർ പൂർണ്ണമായും പാളത്തിൽ കിടന്ന എൻജിൻ ഭാഗികമായും കത്തി നശിച്ചു. റെയിൽവേ ഇലക്ട്രിക്കൽ ലൈനിൽ നിന്നും തീപ്പൊരി വീണ് ആണ് ബൈക്കിന് തീ പടർന്നതെന്ന് ദൃക്സാക്ഷിയായ പാർക്കിങ് ലോട്ട് ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിൽ ഉള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തിൽ രാവിലെ ആറരയോടെയാണ് തീ പടർന്നത്. പാർക്കിങ് ഫീസ് പിരിക്കാൻ ഇരുന്ന മല്ലിക മാത്രമായിരുന്നു ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്. തീ പടർന്നതോടെ മല്ലിക പുറത്തേക്ക് ഓടിയിറങ്ങി സമീപത്തുണ്ടായിരുന്ന യുവാക്കളോട് സഹായം തേടി. അവർ ഓടിയെത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും കാര്യങ്ങൾ പതിയെ നിയന്ത്രണം വിട്ടുപോയി. ബൈക്കുകളുടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചതോടെ വളരെ വേഗത്തിൽ അടുക്കി വച്ചിരുന്ന മറ്റു ബൈക്കുകളിലേക്ക് തീ ആളിപ്പടർന്നു. 3 ജീവനക്കാരും രക്ഷാപ്രവർത്തകരും പുറത്തേക്ക് ഇറങ്ങി ഓടി.

റെയിൽവേ പൊലീസും നാട്ടുകാരും അറിയിച്ചതിനു പിന്നാലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പാഞ്ഞെത്തി. രണ്ടു വാഹനങ്ങളിൽ ഒന്ന് ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ബൈക്കുകൾ കൂട്ടത്തോടെ കത്തുകയായിരുന്നു. രണ്ടാമത്തെ വാഹനം രണ്ടാം ഗേറ്റിലുള്ള റെയിൽവേ കൺട്രോൾ സിസ്റ്റത്തിലേക്ക് പോയി. അവിടെ തീ പടരാതിരിക്കാനുള്ള ക്രമീകരണം ചെയ്തു. തീ ആളിപ്പടർന്നത് കണ്ട് ട്രാക്കിൽ ഉണ്ടായിരുന്ന കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിൻ പിന്നിലേക്ക് വലിച്ചിട്ടു. പാർക്കിങ് ഗ്രൗണ്ടിനോട് ചേർന്ന് പാളത്തിൽ നിർത്തിയിട്ടിരുന്ന എൻജിന് ഭാഗികമായി തീപിടിച്ചു. തൊട്ടടുത്ത ടിക്കറ്റ് കൗണ്ടറും കത്തി നശിച്ചു. 5 ഫയർ യൂണിറ്റ് ഒന്നരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിൽ ആണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും ഉണ്ടായത് കോടികളുടെ നഷ്ടമാണ്. 

YouTube video player