തിരുവനന്തപുരം: ഏത് സർക്കാർ അധികാരത്തിലേറുമ്പോഴും ചിലർ ചോദിക്കുന്ന ചോദ്യമുണ്ട്, മന്ത്രി വസതികളിൽ ഭാഗ്യക്കേടിന് കുപ്രസിദ്ധി ചാർത്തിക്കിട്ടിയ മൻമോഹൻ ബംഗ്ലാവിൽ ആരായിരിക്കും താമസിക്കുകയെന്ന്. കഴിഞ്ഞ തവണ എല്ലാ അന്ധവിശ്വാസങ്ങളേയും തള്ളിക്കൊണ്ട് ധനമന്ത്രി തോമസ് ഐസക്കാണ് താമസിക്കാനെത്തിയത്. പതിമൂന്നാം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും ഏറ്റെടുത്ത് കൊണ്ട് ഐസക്ക് ഇത്തരം ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് കാണിച്ച് തന്നു. അ‌ഞ്ച് വർഷം കഴിഞ്ഞു രണ്ടാം പിണറായി സർക്കാർ വരുമ്പോൾ ഈ മന്ത്രി മന്ദിരം ഏറ്റെടുത്തിരിക്കുന്നത് ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്‍റണി രാജുവാണ്.

മൻമോഹൻ ബംഗ്ലാവിൽ താമസിച്ചാൽ പിന്നെ നിയമസഭ കാണില്ലെന്നാണ് ചില കോണുകളിൽ ഉയരുന്ന പ്രചരണം. ശ്രീമൂലം തിരുനാളാണ് ഈ ബംഗ്ലാവ് പണികഴിപ്പിച്ചത്. പിന്നീട് ജനാധിപത്യം വന്നപ്പോൾ സർക്കാർ കെട്ടിടം ഏറ്റെടുത്തു. 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്‍റെ സമയത്താണ് ഈ മന്ത്രിമന്ദിരം വിവാദങ്ങളിൽ നിറയുന്നത്. ആദ്യം താമസിക്കാനെത്തിയത് കോടിയേരി ബാലകൃഷ്ണൻ. താമസം മാറിയെത്തിയതിന് പിന്നാലെ മന്ത്രി നടത്തിയ വൻ മോടിപിടിപ്പിക്കലാണ് മന്ത്രിമന്ദിരത്തെ വിവാദത്തിലാക്കിയത്. 17ലക്ഷത്തോളം രൂപ ചെലവിട്ട് കമ്മ്യൂണിസ്റ്റ് മന്ത്രി ഔദ്യോഗിക വസതി  മോടിപിടിപ്പിച്ചത് വലിയ വിവാദമായി.

ഒടുവിൽ ബംഗ്ലാവുപേക്ഷിച്ച് കോടിയേരി പോയി. പിന്നാലെ പൊതുമരാമത്ത് മന്ത്രി ടി യു കുരുവിള മൻമോഹൻ ബംഗ്ലാവിൽ താമസം തുടങ്ങി. ഭൂമിയിടപാട് ക്രമക്കേടുയർന്നതോടെ കുരുവിള രാജിവച്ചു. പകരം വന്ന മോൻസ് ജോസഫ് കുറച്ച് കാലം താമസിച്ചു, വിമാനയാത്ര വിവാദത്തിൽ നിന്ന് പിജെ ജോസഫ് കുറ്റവിമുക്തി നേടി തിരിച്ചെത്തിയപ്പോൾ മോൻസ് മന്ത്രി സ്ഥാനം ഒഴിഞ്ഞു. പിന്നെ കുറച്ച് കാലം പി ജെ ജോസഫ് മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയായി ഉപയോഗിച്ചുവെങ്കിലും അദ്ദേഹം മുന്നണി വിട്ടതോടെ ബംഗ്ലാവ് വീണ്ടും ഒഴിഞ്ഞു.

2011ൽ ഉമ്മൻചാണ്ടി സർക്കാർ വന്നപ്പോൾ ആര്യാടൻ മുഹമ്മദാണ് ബംഗ്ലാവ് ഏറ്റെടുത്തത്. അഞ്ച് വർഷം തികച്ച ശേഷമായിരുന്നു പടിയിറക്കം.  2016ൽ മന്ത്രിമന്ദിരത്തിലെത്തിയ ഐസക്കും അഞ്ച് വർഷം തികച്ചു. മുമ്പ് ഇറങ്ങിപ്പോയ പി ജെ ജോസഫാകട്ടെ 2011ലും 2016ലും ഇപ്പോൾ 2021ലും നിയമസഭയിലേക്ക് ജയിച്ചുവെന്നതും മൻമോഹൻ ബംഗ്ലാവിനെക്കുറിച്ചുള്ള കഥകളിൽ കാര്യമില്ലെന്ന് വ്യക്തമാക്കുന്നു. ഒടുവിൽ സധൈര്യം ആന്‍റണി രാജു താമസിക്കാനായെത്തുമ്പോൾ കെട്ടുകഥകളുടെ മുന ഒടിയുകയാണ്.

അതേസമയം കെ എം മാണിയുടെ ഔദ്യോഗിക വസതിയായിരുന്ന പ്രശാന്ത് കേരള കോൺഗ്രസിന്റെ മന്ത്രിസഭയിലെ പ്രതിനിധിയായ റോഷി അഗസ്റ്റിനാണ്. രാഷ്ട്രീയഗുരുവായ മാണിസാര്‍ മന്ത്രിയായിരുന്നപ്പോള്‍ താമസിച്ച വീടും മൂന്നാം നമ്പര്‍ കാറും റോഷി ചോദിച്ചുവാങ്ങുകയായിരുന്നു. കെ കെ ശൈലജ താമസച്ചിരുന്ന നിള തന്നെയാണ് പുതിയ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ലിഫ് ഹൗസിന് സമീപമുള്ള പമ്പയാണ് ഔദ്യോഗിക വസതിയായി അനുവദിച്ചിരിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona