തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവരിലൊരു കൂട്ടരാണ് പൊലീസ് ഉദ്യോ​ഗസ്ഥർ. പ്രതികൂല സാഹചര്യങ്ങൾക്ക് മുന്നിൽ അടി പതറാതെ നാടിനും നാട്ടാർക്കും കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്നേഹസമ്മാനം നൽകിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. ആനാവൂർ ​ഗവൺമെന്റ് എച്ച് എസ്എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അനു​ഗ്രഹയാണ് താൻ നിർമ്മിച്ച ഫേസ് ഷീൽഡുകൾ മാരായമുട്ടം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സമ്മാനമായി നൽകിയത്. 

ആരോ​ഗ്യപ്രവർത്തകരായ അച്ഛന്റെയും അമ്മയുടെയും നിർദ്ദേശപ്രകാരമാണ് അനു​ഗ്രഹ ഫേസ്ഷീൽഡുകൾ നിർമ്മിച്ച് നൽകിയത്. നാലു ദിവസം കൊണ്ട് 50 ഷീൽഡുകളാണ് ഈ കൊച്ചുമിടുക്കി നിർമ്മിച്ചത്. കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രത്തൊടൊപ്പം അനു​ഗ്രഹയെക്കുറിച്ച് കുറിപ്പുള്ളത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

നാടിന്റെ കാവലാളുകൾക്കു അനുഗ്രഹയുടെ സ്നേഹസമ്മാനം

മഹാമാരിക്കു മുന്നിൽ അടിപതറാതെ നാടിന്‌ കാവൽനിൽക്കുന്ന പൊലീസുകാർക്ക്‌ സ്‌നേഹസമ്മാനവുമായി ഒരു കൊച്ചുമിടുക്കി. ആനാവൂർ ഗവ. എച്ച്‌എസ്‌എസിലെ ആറാംക്ലാസ്‌ വിദ്യാർഥിനി അനുഗ്രഹയാണ്‌ താൻ നിർമിച്ച ഫെയ്‌സ്‌ ഷീൽഡുകൾ മാരായമുട്ടം സ്‌റ്റേഷനിലെ പൊലീസുകാർക്ക്‌ സമ്മാനിച്ചത്‌. ഫെയ്‌സ്‌ ഷീൽഡ്‌ ധരിച്ചാൽ പൊലീസുകാർക്ക്‌ സമ്പർക്കം ഒഴിവാക്കാമെന്ന ആരോഗ്യപ്രവർത്തകകൂടിയായ അമ്മ ഷീജയുടെ വാക്കാണ്‌ അനുഗ്രഹയ്‌ക്ക്‌ പ്രചോദനമായത്‌. ആരോഗ്യപ്രവർത്തകനായ അച്ഛൻ പൂവത്തൂർ റെജിൻനാഥ്‌ ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകി. വീടിനുള്ളിൽ കത്രികയും പശയും സെ്‌കയിലുമായി കുഞ്ഞനുജൻ അപ്പുവുമൊത്ത്‌ ഷീൽഡ്‌ നിർമിക്കാൻ തുടങ്ങി. നാലു ദിവസത്തിനുള്ളിൽ 50 ഷീൽഡുണ്ടാക്കി. സ്‌കൂളിലെ എസ്‌പിസി കേഡറ്റുകൾക്ക്‌ ആദ്യം ഷീൽഡ്‌ നൽകി. പിന്നീട്‌ പൊലീസ്‌ സ്‌റ്റേഷനിൽ നേരിട്ടെത്തിച്ചു. എസ്‌ഐ എം ആർ മൃദുൽകുമാറും സംഘവും കൈയടിച്ചാണ്‌ അനുഗ്രഹയെ സ്വീകരിച്ചത്‌.