Asianet News MalayalamAsianet News Malayalam

'അന്ന് തള്ളിപ്പറഞ്ഞു, ഇപ്പോൾ പച്ചക്കള്ളം പറയുന്നു': ആനാവൂ‍ർ നാ​ഗപ്പനെതിരെ അനുപമയും അജിത്തും

കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് മുൻപ് ആനാവൂർ നാഗപ്പനോട് സംസാരിച്ചപ്പോൾ തങ്ങളോട് പൊട്ടിത്തെറിക്കുകയാണ്  ചെയ്തതെന്ന് അനുപമയും അജിതും പറഞ്ഞു

Anupama agisnt Anavoor nagappan
Author
Thiruvananthapuram, First Published Oct 22, 2021, 11:22 AM IST

തിരുവനന്തപുരം: അനുപമയ്ക്ക് (anupama) കുഞ്ഞിനെ തിരികെ കിട്ടണമെന്നാണ് പാർട്ടി നിലപാടെന്ന സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ (Anavoor nagappan) നിലപാടിനെ തള്ളി അനുപമയും അജിതും (ajith). സിപിഎം (CPM) പറയുന്ന പിന്തുണയിൽ വിശ്വാസവും പ്രതീക്ഷയും ഇല്ലെന്നു അജിത്തും അനുപമയും പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് മുൻപ് ആനാവൂർ നാഗപ്പനോട് സംസാരിച്ചപ്പോൾ തങ്ങളോട് പൊട്ടിത്തെറിക്കുകയാണ്  ചെയ്തതെന്ന് അനുപമയും അജിതും പറഞ്ഞു.  ആനാവൂരിന് മാസങ്ങൾക്ക് മുൻപ് ഞങ്ങൾ കൊടുത്ത പരാതിയിൽ ഇപ്പോൾ ഈ നിലപാട് എടുക്കുന്നത് മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും അനുപമ പറഞ്ഞു.

ആനാവൂർ നാഗപ്പൻ പറഞ്ഞത്...

കുഞ്ഞിനെ സ്വന്തം അമ്മയ്ക്ക് തിരികെ കിട്ടണമെന്നാണ് പാർട്ടിയുടെ നിലപാട്. അതിനായുള്ള നിയമപരമായ എല്ലാ പിന്തുണയും പാർട്ടി നൽകും.  ഇക്കാര്യത്തിൽ പൊലീസ് കാര്യക്ഷമമായി ഇടപെട്ടോ എന്നറിയില്ല. ഇക്കാര്യത്തിൽ കോടതിയാണ് അന്തിമമായി തീരുമാനമെടുക്കേണ്ടത്. അനുപമയുമായി ഇക്കാര്യം ഞാൻ നേരിട്ട് സംസാരിച്ചിട്ടില്ല. എന്നാൽ ഫോണിൽ സംസാരിച്ചപ്പോൾ പാർട്ടിയെ കൊണ്ട് തീരുന്ന വിഷയമല്ല ഇതെന്നും നിയമപരമായി നീങ്ങുന്നതാണ് നല്ലതെന്നും അനുപമയോട് പറഞ്ഞിരുന്നു.

അനുപമയുടെ പ്രതികരണം - 

ഇപ്പോൾ പറയുന്നതല്ല പാ‍ർട്ടി അന്നെടുത്ത നിലപാട്. ആറ് മാസം മുൻപേ ഇതേ വിഷയത്തിൽ ആനാവൂ‍ർ നാ​ഗപ്പനെ ഞങ്ങൾ നേരിൽ പോയി കണ്ടതാണ്. ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ആനാവൂ‍ർ നാ​ഗപ്പനും ജയൻ ബാബു സഖാവിനും ഞങ്ങൾ പരാതി നൽകിയിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസിലാണ് നേതാക്കളെ കാണാൻ പോയത്. കൊവിഡ് രോ​ഗബാധിതനായി വിശ്രമത്തിലായിരുന്നതിനാൽ ആനാവൂരിനെ അന്ന് നേരിൽ കാണാനായില്ല. പക്ഷേ ഫോണിൽ സംസാരിക്കുകയും പരാതി പാ‍ർട്ടി ഓഫീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എൻ്റെ പരാതിയിൽ ഒരിടത്തും എൻ്റെ കൈയിൽ നിന്നും അനുമതി എഴുതി വാങ്ങി എന്നൊരു കാര്യം പറയുന്നില്ല. ആനാവൂരിന് ഞാൻ പരാതി കൊടുക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം എൻ്റെ പിതാവിനോട് സംസാരിച്ചത്. അച്ഛനാണ് എൻ്റെ അനുമതി പത്രത്തോടെയാണ് കു‍ഞ്ഞിനെ കൈമാറിയത് എന്ന് കള്ളം പറഞ്ഞത്. പിന്നെ എങ്ങനെയാണ് എന്നോട് ഇതേക്കാര്യം ആദ്യം തന്നെ സംസാരിച്ചു എന്ന് ആനാവൂ‍ർ നാ​ഗപ്പൻ പറയുക. ​

ആനാവൂർ നാഗപ്പൻ ഇന്ന് പറഞ്ഞ കാര്യങ്ങൾ കുഞ്ഞിനെ അനധികൃതമായി ദത്തു കൊടുത്ത സംഭവം കൂടുതൽ സങ്കീർണമാക്കുകയാണ്. ശിശുക്ഷേമസമിതിയുടെ ജനറൽ സെക്രട്ടറിയാണ് ഷിജു ഖാൻ. അദ്ദേഹവുമായി അനുപമയുടെ വിഷയം സംസാരിച്ചിരുന്നുവെന്ന് ആനാവൂർ നാഗപ്പൻ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് അനുപമയുടെ കുഞ്ഞാണെന്ന് അറിഞ്ഞു കൊണ്ട് കുട്ടിയെ ശിശുക്ഷേമസമിതി ദത്ത് കൊടുക്കുക? എന്തു കൊണ്ട് സത്യമറിഞ്ഞിട്ടും ഷിജുഖാൻ ദത്ത് കൊടുക്കാൻ സമ്മതിച്ചെന്ന് വ്യക്തമല്ല. ഏപ്രിൽ 19-ന് പേരൂർക്കട പൊലീസിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും അനുപമയും അജിത്തും പരാതി കൊടുത്തെങ്കിലും എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ പൊലീസും ദത്തിന് ഒത്താശ ചെയ്തു. 

ഏപ്രിൽ 28-ന് ശിശുക്ഷേമസമിതി അധ്യക്ഷ സുനന്ദ അജിതും അനുപമയുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചിരുന്നു. ഒക്ടോബ‍‍ർ 22-ന് ആശുപത്രിയിൽ പോയി തിരികെ വരും വഴി ജ​ഗതിയിൽ വച്ച് കാറിൽ നിന്നും അച്ഛനും അമ്മയും ചേ‍ർന്ന് തൻ്റെ കുഞ്ഞിനെ തട്ടിയെടുത്ത് കൊണ്ടു പോയെന്ന് അനുപമ കൂടിക്കാഴ്ചയിൽ സുനന്ദയോട് വ്യക്തമായി പറഞ്ഞിരുന്നു. ആ തീയതിയിൽ തൈക്കാട്ടെ ശിശുക്ഷേമ സമിതിയിൽ ഒരു കുഞ്ഞിനെയാണ് പ്രവേശിപ്പിച്ചതായി രേഖകളിൽ വ്യക്തമാവുന്നത്.  ഈ കുട്ടി ആരുടേതാണ് എന്ന് ശിശുക്ഷേമസമിതി അധികൃത‍ർക്ക് വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടാണ് അതിവേ​ഗം ദത്ത് കൊടുക്കൽ നടപടികൾ പൂ‍‍ർത്തീകരിക്കാൻ ഇവർ ശ്രമിച്ചത് എന്നതാണ് ​ഗുരുതരമായ കാര്യം. 
 

Follow Us:
Download App:
  • android
  • ios