Asianet News MalayalamAsianet News Malayalam

Anupama Missing Baby Case | അനുപമയുടെ കുഞ്ഞിൻ്റെ ദത്ത് ചട്ടങ്ങൾ പാലിച്ചെന്ന് മന്ത്രി

കോടതിയിലുള്ള വിഷയമല്ല ചർച്ചചെയ്യാൻ ആവശ്യപ്പെട്ടതെന്നും അനുപമ നേരിട്ട നീതി നിഷേധമാണ് ചർച്ച ചെയ്യേണ്ടതെന്ന് പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് കെ.കെ. രമ പറഞ്ഞു. 

anupama issue in assembly
Author
Thiruvananthapuram, First Published Oct 26, 2021, 12:09 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ (anupama child adoption) ദത്തു കൊടുത്ത സംഭവത്തിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പോര്. ആർഎംപി എംഎൽഎ കെ.കെ.രമയാണ് (KK Rema) വിഷയത്തിൽ അടിയന്തര പ്രമേയാനുമതി നേടി സഭയിൽ സംസാരിച്ചത്. കോടതിയുടെ പരിഗണനയിലുള്ള കേസെന്ന നിലയിൽ സാധാരണ ഗതിയിൽ ഇങ്ങനെയൊരു വിഷയം സഭ ചർച്ച ചെയ്യാൻ പാടില്ലെങ്കിലും പ്രത്യേക കേസെന്ന നിലയിൽ ചർച്ച ചെയ്യാൻ അനുവദിക്കുകയാണെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ എംബി രാജേഷ് (MB rajesh) ചർച്ചയ്ക്ക് അനുമതി നൽകിയത്. 

കോടതിയിലുള്ള വിഷയമല്ല ചർച്ചചെയ്യാൻ ആവശ്യപ്പെട്ടതെന്നും അനുപമ നേരിട്ട നീതി നിഷേധമാണ് ചർച്ച ചെയ്യേണ്ടതെന്ന് പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് കെ.കെ. രമ പറഞ്ഞു. ഈ കേസിൽ പൊലീസിനുണ്ടായ വീഴ്ചയും ഉന്നത ഗൂഡാലോചനയും അന്വേഷിക്കേണ്ടതായിട്ടുണ്ട്. ദുരഭിമാന കുറ്റകൃത്യമാണിത്. മുഖ്യമന്ത്രിയുടെ ഓഫിസടക്കം ഭരണകൂട രാഷ്ട്രീയ ഇടപെടൽ ഈ കേസിലുണ്ടായിട്ടുണ്ട്. ഹീനവും നികൃഷ്ടവുമായ കുറ്റകൃത്യമാണിത്.  ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് നടന്നത്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. ശിശുക്ഷേമ സമിതി പിരിച്ചു വിടണം. എല്ലാത്തിനും ചുക്കാൻ പിടിച്ചത് പാർട്ടി നേതാവായ അനുപമയുടെ അച്ഛനാണെന്നും കെ.കെ.രമ ആരോപിച്ചു.  

ആരോപണ വിധേയനായ അച്ഛനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ആഭ്യന്തരവകുപ്പിൻ്റെ തലവന് അമ്മമാരുടെയും കുട്ടികളുടെ മുന്നിൽ തലതാഴ്ത്തിയല്ലാതെ നിൽക്കാൻ കഴിയില്ല. പരാതി കൊടുത്ത് ആറുമാസം ആയിട്ടും ഒരു നടപടിയും സർക്കാർ സംവിധാനങ്ങൾ എടുത്തില്ല. ആറുമാസം കഴിഞ്ഞപ്പോൾ ആണ് അമ്മയുടെ മൊഴിയെടുക്കുന്നത്. കുട്ടികളുടെ ഐഡൻ്റിൻ്റി തന്നെ മാറ്റാൻ  ശിശുക്ഷേമ സമിതിയിൽ ശ്രമം നടന്നുവെന്നും കെ.കെ.രമ പറഞ്ഞു. 

കുഞ്ഞിനെ നിയമവിരുദ്ധമായി മാറ്റുകയും ദത്ത് നൽകുകയും ചെയ്തുവന്നെ അനുപമയുടെ പരാതിയിൽ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ പരിശോധന നടത്തുകയാണെന്ന് മന്ത്രി വീണ ജോർജ് രമയ്ക്ക് മറുപടി നൽകി. 2020 ഒക്ടോബർ 23-നാണ് രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയിൽ കിട്ടിയത്. ഇരുപത്തിയേഴാം തിയതി ഇക്കാര്യം മ്യൂസിയം പോലീസിനെ അറിയിച്ചു. തുടർന്നാണ് നിയമപ്രകാരമുള്ള ദത്ത് നടപടികളിലേക്ക് കടന്നത്. വിജ്ഞാപനം നൽകി 30 ദിവസത്തിനകം കുട്ടിയെ അന്വേഷിച്ച് ആരും വന്നില്ലെങ്കിൽ  നൽകാൻ കഴിയും. വിജ്ഞാപനം നൽകി 30 ദിവസത്തിനു ശേഷവും കുഞ്ഞിനെ അന്വേഷിച്ച് ആരും വന്നില്ല. ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതി എല്ലാ നടപടിക്രമവും പാലിച്ചിട്ടുണ്ട്. പത്രപരസ്യം ഉൾപ്പെടെ സമയക്രമം പാലിച്ചാണ് നടത്തിയത്. സർക്കാരിൻ്റെ നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ ദത്തെടുക്കൽ നടപടികൾ പൂർത്തിയാകൂവെന്ന് കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അനധികൃത ഇടപെടൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല - മന്ത്രി പറഞ്ഞു. 

മന്ത്രിയുടെ മറുപടിക്ക് പിന്നിലേക്ക് പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് അടുത്തേക്ക് എത്തുകയും മുദ്രാവാക്യം മുഴങ്ങുകയും ചെയ്തു. കെ.കെ.രമയ്ക്ക് സംസാരിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടയിൽ തന്നെ മന്ത്രി വീണ്ടും സംസാരിച്ചു തുടങ്ങി. 

കുഞ്ഞിനും നിയമപരമായ അവകാശങ്ങളുണ്ടെന്നും അമ്മത്തൊട്ടിലിൽ കിട്ടിയ കുട്ടിയ ഉപേക്ഷിക്കപ്പെട്ട കുട്ടി എന്ന നിലയിലാണ് പരിഗണിക്കുക. പരാതി ലഭിച്ചപ്പോൾ തന്നെ നിയമപരമായി ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും  ചെയ്തുവെന്നും മന്ത്രി പറഞ്ഞു. കോടതിയിൽ ഉടനെ തന്നെ സർക്കാർ നിലപാട് അറിയിച്ചു. ദത്ത് നൽകിയ  കുട്ടി അനുപമയുടെ കുട്ടിയാണോ എന്നറിയില്ല. എന്നാലും ആ കുട്ടിക്കും അവകാശങ്ങളുണ്ട്. ഇക്കാര്യത്തിൽ എന്തായാലും കോടതി നടപടികൾ പൂർത്തിയാകേണ്ടതുണ്ട്. അമ്മ വളർത്താൻ തയ്യാറാണെങ്കിൽ അമ്മയ്ക്കൊപ്പം തന്നെയാണ് കുട്ടി ഉണ്ടാകേണ്ടത്. ഇതുവരെയുള്ളതെല്ലാം സർക്കാർ നടപടികളെല്ലാം നിയമപ്രകാരമാണെന്ന് ആവർത്തിച്ച മന്ത്രികുട്ടിയെ അനുപമയ്ക്ക് കിട്ടുന്നതു വരെ സർക്കാർ ഒപ്പമുണ്ടാവുമെന്നും വ്യക്തമാക്കി. 

മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. എന്നാൽ കെകെ രമയ്ക്ക് പ്രസംഗിക്കാൻ പൂർണ സമയം നൽകാത്തതിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രതിഷേധമറിയിച്ചു. എന്നാൽ കെ.കെ.രമയ്ക്ക് പത്ത് മിനിറ്റ് സംസാരിക്കാൻ സമയം നൽകിയിരുന്നുവെന്ന് സ്പീക്കർ വ്യക്തമാക്കി. 

എന്നാൽ ശിശുക്ഷേമ സമിതിയെ വെള്ളപൂശുകയാണ് മന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.  ഒക്ടോബർ 23ന് അമ്മത്തൊട്ടിൽ ഇല്ല. അനുപമയുടെ അച്ഛൻ തന്നെ പറഞ്ഞു കൈമാറിയതാണ് കുഞ്ഞിനെ എന്നിരിക്കെ അപ്പോൾ എങ്ങനെ അതൊരു ഉപേക്ഷിക്കലാകുമെന്നും സതീശൻ ചോദിച്ചു. എന്നാൽ അമ്മയല്ലാതെ ആരു വന്നാലും അത് ഉപേക്ഷിക്കൽ ആകും എന്ന് മന്ത്രി വീണ പ്രതിപക്ഷ നേതാവിന് മറുപടി നൽകി.  മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വകുപ്പ് അന്വേഷണം നടത്തുന്നത്.  വനിത ശിശുക്ഷേമ ഡയറക്ടർ മൂന്നാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകുമെന്നും മന്ത്രി അറിയിച്ചു. 

ആൺകുട്ടിയെ പെൺകുട്ടി ആക്കുന്ന മാജിക് ശിശുക്ഷേമ സമിതിയിലുണ്ടെന്ന് മന്ത്രിയുടെ മറുപടിയെ പരിഹസിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു. പുരോഗമനവാദികൾ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന് പിന്തിരിപ്പൻ നയമാണെന്നും ഈ സംഭവം വ്യക്തമാകുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. എല്ലാം പാർട്ടിയാണ് ശിശുക്ഷേമസമിതിയും പൊലീസും എല്ലാം പാർട്ടിയാണ്.

കുട്ടിയെ തിരികെ കൊടുക്കാൻ തീരുമാനിച്ചു എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞത്. അതെങ്ങനെ ഒരു പാർട്ടി ജില്ലാ സെക്രട്ടറിക്ക്  പറയാൻ കഴിയും. കുറ്റകൃത്യം നടത്തുന്നതിൽ പാർട്ടി നേതാക്കൾ ഗൂഢാലോചന നടത്തിയെന്നാണ് വ്യക്തമാവുന്നത്. നിയമ വ്യവസ്ഥകളെ മുഴുവൻ കാറ്റിൽ പറത്തിയാണ് കുഞ്ഞിനെ ദത്ത് കൊടുത്തതും പരാതി അട്ടിമറിച്ചതും. ഇനി പരാതിയുണ്ടെങ്കിൽ എകെജി സെൻട്രലിൽ കൊടുത്താൽ മതിയെന്ന നിലയാണെന്നും വിഡി സതീശൻ പറഞ്ഞു. പിന്നാലെ അനുപമയുടെ പരാതി അവഗണിച്ച ശിശുക്ഷേമസമിതിയേയും പൊലീസിനേയും ന്യായീകരിച്ച മന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൌട്ട് നടത്തുകയും ചെയ്തു. 
 

Follow Us:
Download App:
  • android
  • ios