Asianet News MalayalamAsianet News Malayalam

Anupama : അനുപമക്ക് ഇന്ന് കുഞ്ഞിനെ കിട്ടിയേക്കും? കോടതി തീരുമാനം നിർണായകം; കുറ്റക്കാ‍ർക്കെതിരെ നടപടി തേടി സമരം

 

തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി ഇന്ന് ഡി എൻ എ പരിശോധന ഫലമടക്കമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുക

Anupama may get her baby back today, Protest will continue seeking action against the culprits
Author
Thiruvananthapuram, First Published Nov 24, 2021, 12:10 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: അമ്മ അറിയാതെ ദത്ത് നൽകിയ (adoption case) കുഞ്ഞിനെ തിരികെ ലഭിക്കാനായി അനുപമ (Anupama) നടത്തിയ പോരാട്ടം ഫലപ്രാപ്തിയിലേക്ക്. കുഞ്ഞിന്‍റെ ഡി എൻ എ ഫലം (DNA result) പുറത്തുവന്നതോടെ യഥാ‍ർത്ഥ അമ്മക്കും അച്ഛനും കുഞ്ഞിനെ തിരികെ കിട്ടുമെന്ന് ഉറപ്പായി. ഇനി അറിയാനുള്ളത് കാത്തിരിപ്പ് എത്ര നീളുമെന്നാണ്. ഒരു പക്ഷേ ഇന്ന് തന്നെ കാത്തിരിപ്പ് അവസാനിച്ചേക്കുമെന്നാണ് സൂചന. വിവാദ ദത്തുകേസില്‍ കുഞ്ഞിന്‍റെ യഥാർത്ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞത് സിഡബ്ള്യുസി (cwc) ഇന്ന് കോടതിയെ അറിയിക്കും. കോടതി നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് കുട്ടി അമ്മയുടെ സ്വന്തമാകുക എപ്പോഴാകും എന്നതുമാത്രമാകും പിന്നെ അറിയാനുണ്ടാകുക. അന്താരാഷ്ട്രാ തലത്തിൽ വരെ ചർച്ചയായ അനുപമയുടെ കുഞ്ഞിന് വേണ്ടിയുള്ള സമരം കോടതി നടപടികൾക്ക് ശേഷമാകും ഫലപ്രാപ്തിയിലെത്തുക.

തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി ഇന്ന് ഡി എൻ എ പരിശോധന ഫലമടക്കമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിതിന്‍റേതുമാണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്. ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്ത് നിർമ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു. ഉടൻ കുഞ്ഞിനെ തിരികെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു അനുപമയുടെ ആദ്യ പ്രതികരണം.

സത്യം തെളിയിച്ച ഡിഎൻഎ; ഷിജുഖാൻ, സുനന്ദ, പേരൂർക്കട പൊലീസ്-വീഴ്ചകളിൽ നടപടിയെന്ത്? ഇനി എന്ത് സംഭവിക്കും

ഒരു വർഷത്തെയും ഒരുമാസത്തെയും ഒരു ദിവസത്തെയും വേർപിരിയലിനൊടുവിലായിരുന്നു അമ്മയും അച്ഛനും കുഞ്ഞിനെ കണ്ടത്. നിർമ്മലാ ശിശുഭവനിൽ രക്ഷിതാക്കൾ കുഞ്ഞിനൊപ്പം ചെലവിട്ടത് അരമണിക്കൂറായിരുന്നു. രാജീവ് ഗാന്ധി സെന്‍റർ ബയോ ടെക്നോളജിയിൽ നിന്നുള്ള ഡിഎൻഎ ഫലം ഇന്നലെ ഉച്ചയോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. ഫലം പോസിറ്റീവാണെന്നറിഞ്ഞതോടെ പെരുമഴയിലും കൊടുംവെയിലിലും ഇളകാതെ സമര ചെയത് അനുപമയുടെ സമരപ്പന്തലിൽ അതിരില്ലാത്ത ആഹ്ളാദവും മധുരവിതരണവുമായിരുന്നു നടന്നത്.

ഡിഎന്‍എ ഫലം കോടതിയെ അറിയിക്കും; നടപടികൾ തീർന്നാൽ കുഞ്ഞിനെ അനുപമയ്ക്ക് കിട്ടും

കുഞ്ഞിന്‍റെ യഥാർത്ഥ അച്ഛനെയും അമ്മയെയും തിരിച്ചറിഞ്ഞതോടെ ഇനി വെറും സാങ്കേതിക നടപടിക ക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സിഡബ്ള്യൂസി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ക്ഷൻ ഡിക്ളറേഷൻ സർട്ടിഫിക്കറ്റ് ഇനി റദ്ദാക്കും. സി ഡബ്ള്യൂസിക്ക് തന്നെ കുഞ്ഞിനെ അനുപമക്ക് വേണമെങ്കിൽ കൈമാറാം. പക്ഷെ വലിയ നിയമക്കരുക്കായ കേസായതിനാൽ കോടതിയുടെ അനുമതിയോടെയാകും നടപടികൾ. ഡിഎൻ ഫലം വരുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിന് ഇടാനുള്ള പേര് കണ്ട് വെച്ചിരുന്നു. എയ്ഡൻ അനു അജിത് എന്ന പേരാണ് കരുതിവച്ചിരിക്കുന്നതെന്ന് അച്ഛനും അമ്മയും വ്യക്തമാക്കി. ആന്ധ്രാ ദമ്പതികൾക്ക് കുഞ്ഞിനെ ദത്ത് കൊടുക്കാനായി നൽകിയ ഫ്രീ ഫോർ അഡോപ്ഷൻ ഡിക്ലറേഷൻ പിൻവലിക്കുമെന്ന് സി ഡബ്ല്യുസി വ്യക്തമാക്കിയിട്ടുണ്ട്.

'എല്ലാം പാര്‍ട്ടി മാത്രം അന്വേഷിച്ചാല്‍ പോരാ'; കുഞ്ഞിനെ ദത്ത് നൽകിയതിൽ വി ഡി സതീശൻ

അതേസമയം കുഞ്ഞ് അനുപമയുടെത് എന്ന് ഉറപ്പാകുമ്പോഴും അനധികൃത ദത്തിന് കൂട്ട് നിന്നവർക്കെതിരെ എന്ത് നടപടിയുണ്ടാകും എന്നതും കണ്ടറിയണം. ദത്ത് നൽകലിൽ ഒരു വീഴ്ചയും ഉണ്ടായില്ലെന്നാണ് സർക്കാരിന്‍റെ വിശദീകരണം.  കുഞ്ഞിനെ തിരിച്ച് കിട്ടിയാലും വിവാദ ദത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അനുപമ സമരം തുടരും. കുഞ്ഞിനെ കിട്ടിയതിന് ശേഷമായിരിക്കും തുടർസമര രീതി പ്രഖ്യാപിക്കുക.  അനധികൃത ദത്ത് ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിണ്ടുണ്ട് അനുപമ. പരാതികളിൽ ഒരു മാസം മുമ്പ് സർക്കാർ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ലെന്നതാണ് മറ്റൊരു കാര്യം.

കുഞ്ഞ് അമ്മക്കരികിലേക്കെത്താനുള്ള നടപടിക്രമങ്ങൾ അതിവേഗം നീങ്ങുമ്പോഴും കേരളത്തെ പിടിച്ചുലച്ച ദത്ത് വിവാദത്തിൽ ഉയരുന്ന വീഴ്ചകളിൽ ഇതുവരെ കാര്യമായ മറുപടികളുണ്ടായിട്ടില്ല. അനുപമ അവകാശവാദം ഉന്നയിച്ചിട്ടും ഇതവഗണിച്ച് ദത്ത് നടപടികൾ തുടർന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് പതിനെട്ട് മിനിട്ട് മാതാപിതാക്കളുടെ സിറ്റിംഗ് നടത്തിയിട്ടും ദത്തിന് കൂട്ടു നിന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണ്‍ അഡ്വ എൻ സുനന്ദ, കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി അനുപമ  നൽകിയിട്ടും ജയചന്ദ്രനും കൂട്ടാളികൾക്കും എതിരെ നാല് മാസം അനങ്ങാതിരുന്ന പേരൂർക്കട പൊലീസ്, ഇവർക്കെതിരെ എന്ത് നടപടിയുണ്ടാകും എന്നതും കാത്തിരുന്ന് കാണണം.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതിയും ഇടപെട്ടിട്ടും പരാജയപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഓഫീസും പാർട്ടി നേതൃത്വവും പല ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതുണ്ട്. കുഞ്ഞിനെ പെറ്റമ്മയിൽ നിന്നും അകറ്റാൻ നേരിട്ടും അല്ലാതെയും കൂട്ടുനിന്നവരുടെ പട്ടികയിൽ ഏറ്റവും ഗൗരവതരം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സിഡ്ബ്ള്യുസി ചെയർമാൻ സുനന്ദക്കും എതിരെ ഉയർന്ന പരാതികളാണ്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളുടെ ദുഖത്തിനും വേദനക്കും കൂടി ഈ വീഴ്ചകൾ കാരണമായി. എല്ലാം പുറത്തുവന്നിട്ടും കുഞ്ഞ് അനുപമയുടെത് എന്ന് തെളിഞ്ഞിട്ടും ഷിജുഖാനും,സുനന്ദക്കും, പേരുർക്കട പൊലീസിനും ഒന്നും സംഭവിച്ചില്ല. അനുപമക്ക് ഒപ്പമെന്ന് മന്ത്രി വീണാജോർജ് ആവർത്തിക്കുമ്പോഴും വിവാദ ദത്ത് നടപടികളിലെ കുറ്റക്കാർക്ക് കിട്ടുന്ന സംരക്ഷണത്തിലാണ് സർക്കാരിന്‍റെ ആത്മാർത്ഥ ചോദ്യം ചെയ്യപ്പെടുന്നത്. ഒന്നരമാസമായി പൊതുസമൂഹം ചർച്ചചെയ്യുന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിശബ്ദതയിലും ശബ്ദിക്കുന്നത് ഇതെ ചോദ്യങ്ങൾ തന്നെ.

അതേസമയം ദത്ത് കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വ്യാജ രേഖകളുണ്ടാക്കി മകള്‍ അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയെന്നാണ് കേസ്. കേസിൽ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമാണ് പ്രതികള്‍. ഇതിൽ അമ്മയുൾപ്പെടെ അഞ്ചു പേർക്ക് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കേസന്വേഷണം ഊർജജിതമാക്കിയതിന് പിന്നാലെയാണ് ജയചന്ദ്രനും ജാമ്യാപേക്ഷ നൽകിയത്.

Follow Us:
Download App:
  • android
  • ios