സ്ത്രീകളുടെ അവകാശങ്ങൾ ദുർബലപ്പെടുത്താനും കേരളത്തെ പിന്നോട്ട് നയിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശക്തമായ മുന്നറിയിപ്പ് നൽകുന്നു.
തിരുവനന്തപുരം: സ്ത്രീകളുടെ അവകാശങ്ങൾ ദുർബലപ്പെടുത്താനും കേരളത്തെ പിന്തിരിപ്പൻ സാമൂഹിക വ്യവസ്ഥയിലേക്ക് നയിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച അദ്ദേഹം, സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ബിജെപി ശക്തമായി ചെറുക്കുമെന്ന് വ്യക്തമാക്കി.
“മുസ്ലിം ലീഗിന്റെ ഒരു മന്ത്രി അവരുടെ രാഷ്ട്രീയ ലക്ഷ്യം മുഴുവൻ ‘മതം, മതം, മതം’ എന്നാണെന്ന് പറയുന്നുണ്ട്. അവരുടെ ആശയപ്രചാരകനായ കാന്തപുരം സ്ത്രീകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നും സൂചിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് അവരുടെ സമീപനം,” രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇത്തരം പ്രസ്താവനകളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇത്തരം അഭിപ്രായങ്ങൾ ആദ്യമായല്ല കേൾക്കുന്നത്. എന്നാൽ കോൺഗ്രസ്-മുസ്ലിം ലീഗ് സർക്കാർ വി.ഡി. സതീശന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ കഴിഞ്ഞ 100 ദിവസത്തിനിടെ, ഇന്ത്യൻ ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്കും വിരുദ്ധമായ കേരളത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ വർധിച്ചുവരികയാണ്,” അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച വിഷയത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മൗനത്തെയും രാജീവ് ചന്ദ്രശേഖർ ചോദ്യം ചെയ്തു.
“ഇതെല്ലാം കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്ത് നടക്കുമ്പോൾ, കോൺഗ്രസ് പാർട്ടിയുടെ നേതാവായ രാഹുൽ ഗാന്ധി ഡൽഹിയിലിരുന്ന് പുരുഷാധിപത്യത്തെക്കുറിച്ച് സംസാരിക്കുകയും കേരളത്തിൽ നടക്കുന്നതിനെക്കുറിച്ച് ബോധപൂർവമായ മൗനം പാലിക്കുകയും ചെയ്യുകയാണ്. ഇത് സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള മറ്റൊരു ആക്രമണമാണ്,” അദ്ദേഹം പറഞ്ഞു.
“രാഹുൽ ഗാന്ധിയുടെ സഹോദരിയും കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത എംപിയുമായ പ്രിയങ്ക ഗാന്ധി ഉത്തരേന്ത്യയിൽ ‘ലഡ്കി ഹൂം, ലഡ് സക്തി ഹൂം’ എന്ന് സംസാരിക്കുന്നു. എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഒരു ആശയപ്രചാരകൻ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ അവരും ബോധപൂർവമായ മൗനം പാലിക്കുകയാണ്. ഇതാണ്കോൺഗ്രസിന്റെ കാപട്യം. ഇതാണ്കോൺഗ്രസിന്റെ നാണമില്ലായ്മ,” രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പതിറ്റാണ്ടുകളായി സ്ത്രീകൾ നേടിയെടുത്ത സാമൂഹികവും ഭരണഘടനാപരവുമായ അവകാശങ്ങൾ പിന്നോട്ടടിക്കാനുള്ള ഏത് ശ്രമത്തെയും ബിജെപി ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“‘മതം, മതം, മതം’ എന്ന് പറയുന്ന മന്ത്രിയോടും സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യമായി പങ്കെടുക്കാനുള്ള അവകാശമില്ലെന്ന് സൂചിപ്പിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ആശയപ്രചാരകരോടും എനിക്ക് ഒരു കാര്യം വ്യക്തമായി പറയാനുണ്ട്: ഞങ്ങൾ നിങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. രാഷ്ട്രീയമായും നിയമപരമായും പോരാടും. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി സ്ത്രീകൾ നേടിയ വിമോചനവും അവകാശങ്ങളും പിന്നോട്ടടിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തും,” അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സ്ത്രീകൾക്ക് കേരളത്തിലെ പുരുഷന്മാർക്കുള്ള അതേ അവകാശങ്ങളുണ്ട്. അവസരങ്ങളിൽ തുല്യ അവകാശവും വിജയിക്കാനുള്ള തുല്യ അവകാശവും അവർക്കുണ്ട്. ഒരു മുസ്ലിം ലീഗ് രാഷ്ട്രീയക്കാരനും ഒരു മുസ്ലിം ലീഗ് ആശയപ്രചാരകനും ആ അവകാശങ്ങൾ ഒരിക്കലും കവർന്നെടുക്കാൻ കഴിയില്ല. ഇതാണ് ബിജെപിയുടെ ഉറച്ച വാഗ്ദാനം,” അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രാജീവ് ചന്ദ്രശേഖർ രൂക്ഷ വിമർശനം നടത്തി. പത്ത് വർഷം അധികാരത്തിലിരുന്ന പിണറായി വിജയൻ സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“പത്ത് വർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഒടുവിൽ ഒരു യാഥാർഥ്യം സമ്മതിക്കണം: അദ്ദേഹം നമ്മുടെ സംസ്ഥാനത്തെ തകർത്തു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർക്കുകയും നമ്മുടെ യുവാക്കളുടെ ഭാവിക്ക് ദോഷം വരുത്തുകയും ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ മറ്റേതൊരു രാഷ്ട്രീയ നേതാവിനേക്കാളും കൂടുതൽ ദോഷമാണ് അദ്ദേഹം കേരളത്തിന് വരുത്തിയത്,” അദ്ദേഹം പറഞ്ഞു.
ഇന്ന് പിണറായി വിജയൻ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുപോലും മകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ചോദ്യങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ്. സിപിഎമ്മും കോൺഗ്രസും പ്രതിസന്ധിയിലാകുമ്പോഴെല്ലാം അവരുടെ അണികളെയും ജനങ്ങളെയും വഴിതിരിച്ചുവിടാൻ ആർഎസ്എസ്-ബിജെപി ഭീഷണിയുടെ കഥ പറയുകയാണ്. എന്നാൽ സിപിഎം അണികൾ തന്നെ പിണറായി വിജയനോട് മറുപടി ആവശ്യപ്പെടുകയാണ്. അദ്ദേഹം അവർക്ക് മറുപടി നൽകണം,” രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
“കേരളത്തിലെ വിദ്യാഭ്യാസ സംവിധാനവും കഴിഞ്ഞ 10 വർഷത്തെ പിണറായി ഭരണത്തിൽ തകർത്തു. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിലെ കുട്ടികൾക്ക് സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യം സൃഷ്ടിച്ചു. പിണറായി വിജയന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഈ പരാജയങ്ങളെക്കുറിച്ച് സംസാരിക്കണം; ജനങ്ങളെ വഴിതിരിച്ചുവിടാൻ ശ്രമിക്കുകയല്ല വേണ്ടത്,” അദ്ദേഹം പറഞ്ഞു.
വികസനത്തിനും അവസരങ്ങൾക്കും ഭരണഘടനാപരമായ അവകാശങ്ങൾക്കും വേണ്ടിയാണ് ബിജെപിയുടെ പോരാട്ടം ആരെയും അവരുടെ സ്വത്വമോ വിശ്വാസങ്ങളോ സ്വാതന്ത്ര്യങ്ങളോ ഉപേക്ഷിക്കാൻ ബിജെപി ആവശ്യപ്പെടുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
“ആരും ബിജെപിക്കോ ആർഎസ്എസിനോ മുന്നിൽ കീഴടങ്ങേണ്ടതില്ല. കീഴടങ്ങാൻ ബിജെപിയോ ആർഎസ്എസോ ആരോടും ആവശ്യപ്പെടുന്നില്ല. ഞങ്ങൾ ആവശ്യപ്പെടുന്നത് വികസനമാണ്. ഞങ്ങൾ ആവശ്യപ്പെടുന്നത് വികസിത കേരളമാണ്. നമ്മുടെ കുട്ടികൾക്ക് കേരളത്തിൽ തന്നെ അവസരങ്ങൾ ലഭിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നമ്മുടെ സ്ത്രീകൾക്ക് അവരുടെ പൂർണമായ ഭരണഘടനാപരമായ അവകാശങ്ങൾ ആസ്വദിക്കാൻ കഴിയണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതാണ് കേരളത്തിൽ ഇന്ന് നടക്കുന്ന യഥാർത്ഥ പോരാട്ടം.
ഈ രാഷ്ട്രീയ പോരാട്ടത്തിൽ പിണറായി വിജയൻ അപ്രസക്തനും ദുരന്തപൂർണവുമായ ഒരു രാഷ്ട്രീയ വ്യക്തിത്വമായി മാറിയിരിക്കുന്നു . പത്ത് വർഷത്തിന് ശേഷം അദ്ദേഹത്തിന് മുന്നിൽ കാണിക്കാനുള്ളത് സമ്പൂർണ പരാജയവും അഴിമതി ആരോപണങ്ങളുമാണ്. കേരളത്തിലെ ജനങ്ങളെ ഇനിയും കബളിപ്പിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കാം. എന്നാൽ ജനങ്ങൾ അതെല്ലാം തിരിച്ചറിയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും ഓരോ ഇന്ത്യക്കാരന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് കേരളത്തിൽ ഞങ്ങളുടെ സന്ദേശം വ്യക്തമായിരിക്കുന്നത്: എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വേണ്ടി,” അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ ശക്തിയുടെയോ രാഷ്ട്രീയ അവസരവാദത്തിന്റെയോ പേരിൽ കേരളീയരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ഒരു തരത്തിലും അനുവദിക്കില്ല. കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും തുല്യാവകാശത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും നേരെയുള്ള ഏത് നീക്കത്തെയും ബിജെപി രാഷ്ട്രീയമായും നിയമപരമായും ജനാധിപത്യപരമായും ശക്തമായി ചെറുക്കും എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


