ദോശ നൽകാൻ വൈകിയതിന് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: ദോശ നൽകാൻ വൈകിയതിന് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശി അജി (46), രമേശൻ (44) എന്നിവരാണ് ശൂരനാട് പൊലീസിന്‍റെ പിടിയിലായത്. ചക്കുവള്ളി പുതിയകാവ് റോഡിൽ ശൂരനാട് കോയിക്കൽ ചന്തയിലായിരുന്നു സംഭവം. കടയുടമ മനാഫിനെയും ഭാര്യ സീനത്തിനെയുമാണ് പ്രതികൾ ആക്രമിച്ചത്. ദോശ കഴിച്ചുകൊണ്ടിരുന്ന ഇരുവരും വീണ്ടും ദോശ ആവശ്യപ്പെട്ടു. നൽകാൻ വൈകിയതോടെ വാക്കുതർക്കമായി. വാക്കേറ്റം കയ്യേറ്റത്തിൽ കലാശിച്ചു.

കടയിലെ ഗ്ലാസ് അലമാരകളും മറ്റ് സാധനങ്ങളും പ്രതികൾ അടിച്ചുതകർത്തു. സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയും സംഘർഷമുണ്ടായി. ഇതിനിടെ മറിഞ്ഞുവീണ് അജിയ്ക്ക് തലയ്ക്ക് പരുക്കേറ്റു. പ്രദേശവാസികൾ ചേർന്നാണ് ഇയാളെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ത്. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽനിന് പൊലീസ് അറസ്റ്റ് ചെയുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.