ജനിച്ചു വള‍ർന്ന നാട്ടിൽ തന്നെ നേതാക്കൾ മത്സരിക്കുന്നതാണ് നല്ലതെന്നും ജോസഫ്

കാസർകോട്: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി സീറ്റിൽനിന്നും മാറി മത്സരിക്കണമെന്ന് യുഡിഎഫിൽ ഒരാൾ പോലും ചിന്തിച്ചിട്ടില്ലെന്ന് കേരള കോൺ​ഗ്രസ് നേതാവ് പി.ജെ.ജോസഫ്. ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടണമെന്ന തരത്തിൽ ആവശ്യമുയ‍ർന്നുവെന്നത് അടിസ്ഥാന രഹിതമായ വാർത്തയാണ്. ജനിച്ചു വള‍ർന്ന നാട്ടിൽ തന്നെ നേതാക്കൾ മത്സരിക്കുന്നതാണ് നല്ലതെന്നും ജോസഫ് ചൂണ്ടിക്കാട്ടി. 

കൂടുതൽ നേതാക്കൾ ജോസഫ് വിഭാഗത്തിലേക്ക് വന്നത് സീറ്റ് തീരുമാനത്തിൽ പ്രതിസന്ധിയാകില്ല. നിലവിൽ ജോസഫ് ഗ്രൂപ്പിലുള്ളവരെല്ലാം ഏകസഹോദരങ്ങളെ പോലെയാണ്. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് പാ‍ർട്ടിയിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും ജോസഫ് പറഞ്ഞു. 

പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും സീറ്റിൽ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന നിർദേശം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മുന്നോട്ട് വച്ചതായുള്ള വിവരം പുറത്തു വന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത വിവാദമായത്. നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ എന്നീ സീറ്റുകളാണ് ഉമ്മൻ ചാണ്ടിക്കായി മുല്ലപ്ഫള്ളി ശുപാർശ ചെയ്തത്. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചാൽ അതു തെക്കൻ ജില്ലകളിൽ പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ഐ ഗ്രൂപ്പ് ഇതിനെ പിന്തുണച്ചെങ്കിലും ഉമ്മൻ ചാണ്ടി കടുത്ത എതിർപ്പ് ഉയർത്തിയതോടെ ഈ നീക്കം പരാജയപ്പെട്ടു.