തിരുവനന്തപുരം: കേരള സമൂഹത്തെ ഞെട്ടിച്ചതായിരുന്നു ബാലഭാസ്കറിന്‍റെ മരണം. വയലിനില്‍ മലയാളിക്ക് പുതിയ ഭാവുകത്വം നല്‍കിയ പ്രതിഭ കുടുംബത്തോടൊപ്പമുള്ള യാത്രയില്‍ അപകടത്തില്‍പ്പെട്ടു. ബാലഭാസ്കറും രണ്ടു വയസ്സുകാരി മകളും അപകടത്തില്‍ മരിച്ചു. ഗുരുതര പരിക്കുകളോടെ ഭാര്യ ലക്ഷ്മിയും കാറിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനും രക്ഷപ്പെട്ടു. കലാഭവന്‍ സോബി ജോര്‍ജിന്‍റെ മൊഴിയിലൂടെയാണ് അപകടത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നത്. അപകടത്തിന് ശേഷം ഗുണ്ടകളെന്ന് തോന്നിപ്പിക്കുന്ന ചിലര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നും രണ്ട് പേര്‍ ഓടിപ്പോകുന്നത് കണ്ടെന്നുമായിരുന്നു ബോബിയുടെ മൊഴി. എന്നാല്‍, അപകടം നടന്നയുടനെ അവിടെയെത്തിയ ദൃക്സാക്ഷികള്‍ അങ്ങനെ ആരെയും കണ്ടതായി പറയുന്നില്ല. 

ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളും സന്തതസഹചാരികളുമായിരുന്ന പ്രകാശ് തമ്പിയും വിഷ്ണുവും സ്വര്‍ണക്കടത്തുകേസില്‍ പ്രതികളായതോടെയാണ് ബാലഭാസ്കറിന്‍റെ മരണം വീണ്ടും ചോദ്യമാകുന്നത്. മരണം അപകടമല്ല, കൊലപാതകമാണെന്നും പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയയാണെന്നും ആരോപണമുയര്‍ന്നു. ബാലഭാസ്കറിന്‍റെ സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്തുകേസില്‍ പ്രതികളായി എന്നതൊഴിച്ചാല്‍ മറ്റൊരു തെളിവുകളും ഈ വാദത്തിനുമില്ല. പാലക്കാട്ടെ ഡോക്ടറുമായി ബാലഭാസ്കറിനുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് മറ്റൊരു ആരോപണം. 

ബാലഭാസ്കറിന്‍റെ അച്ഛന്‍ കെസി ഉണ്ണിയാണ് ഈ വാദമുന്നയിച്ചത്. ബാലഭാസ്കറില്‍നിന്ന് പണം കടം വാങ്ങിയെന്നും എന്നാല്‍ തിരികെ നല്‍കിയെന്നും ഡോക്ടര്‍ പറയുന്നു. പാലക്കാട്ട് ബാലഭാസ്കര്‍ വാങ്ങിയ 50 സെന്‍റ് സ്ഥലം ഇപ്പോഴും അദ്ദേഹത്തിന്‍റെ പേരിലാണ്.  ഡോക്ടറുമായി സാമ്പത്തിക തര്‍ക്കമുള്ളതായി ഭാര്യയോ സുഹൃത്തുക്കളോ ഒന്നും പറയുന്നില്ല. പിന്നീട് ബാലഭാസ്കറിന്‍റെ സാമ്പത്തിക ഇടപാടുകളും ദാമ്പത്യ ജീവിതവുമെല്ലാം അപകടത്തിന് പിന്നിലെ 'കാരണങ്ങളായി'. പലതും യുക്തിയെ ചോദ്യം ചെയ്യുന്നതായിരുന്നു.

ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്‍റെയും വിരുദ്ധമായ മൊഴികളില്‍ സംശയം ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.  അപകട സമയത്ത് ബാലഭാസ്കറായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍, അര്‍ജുന്‍ തന്നെയാണ് കാര്‍ ഓടിച്ചതെന്ന് ലക്ഷ്മി ഉറപ്പിച്ചു പറയുന്നു. അര്‍ജുന്‍ ഇപ്പോള്‍ സ്ഥലത്തില്ല. അയാള്‍ ഒളിവിലാണോ എന്നത് പൊലീസ് സ്ഥിരീകരിക്കുന്നുമില്ല. ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്നതാണ് ഇപ്പോഴും കുഴക്കുന്ന ചോദ്യം.