തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് കേരളബാങ്ക് നീക്കം. ഇതിനായി സമർപ്പിച്ച ശുപാർശയിലാണ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സഹകരണവകുപ്പ് മടക്കിയത്.   

തിരുവനന്തപുരം: കേരളാ ബാങ്കിലും ആരോഗ്യവകുപ്പിലും നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ നീക്കം. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് കേരളാ ബാങ്ക് നീക്കം. നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള കേരളാ ബാങ്കിന്‍റെ ശുപാര്‍ശ സഹകരണ വകുപ്പ് മടക്കി. അടിസ്ഥാന നടപടിക്രമങ്ങൾ പോലും പൂര്‍ത്തിയാക്കാതെയാണ് കേരളാ ബാങ്ക് ശുപാര്‍ശ സമര്‍പ്പിച്ചതെന്ന കുറിപ്പോടെയാണ് ഫയല്‍ മടക്കിയത്. 

Add Asianetnews as a Preferred SourcegooglePreferred

അടിസ്ഥാന നടപടികള്‍ പോലും പൂര്‍ത്തിയാക്കിയില്ലെന്ന് കേരളബാങ്ക് സിഇഒക്ക് സെക്രട്ടറി അയച്ച കത്തിൽ വ്യക്തമാകുന്നു . ഇത്രയധികം താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത പഠിക്കാതെയും സഹകരണ രജിസ്ട്രാറുടെ അംഗീകാരവും തേടാതെയാണ് വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചത്. താത്കാലികക്കാരെ നിയമിക്കാൻ രജിസ്ട്രാറുടെ അനുമതി വേണ്ടെന്ന തീരുമാനമാണ് കേരളാ ബാങ്ക് മറയാക്കിയത്. എന്നാൽ സ്ഥിരപ്പെടുത്തലിനായി ശുപാർശ ചെയ്യും മുമ്പ് ഇത് ആവശ്യമാണെന്ന് സഹകരണ സെക്രട്ടറി വ്യക്തമാക്കിയതോടെ വേഗത്തിൽ സ്ഥിരപ്പെടുത്താനുള്ള നീക്കം പൊളിഞ്ഞു.

ഇത് പരിഹരിച്ച് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാനാണ് കേരളാ ബാങ്ക് നീക്കങ്ങൾ. ഇതിനിടെയാണ് കെ എച്ച് ആര്‍ ഡബ്ലു എസിന്‍റെ കീഴിൽ സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുകളില്‍ ജോലി എടുക്കുന്ന ശുചീകരണ തൊഴിലാളികള്‍ , കെ എച്ച് ആര്‍ ഡബ്ലു എസിന്‍റെ കീഴിലുള്ള നഴ്സുമാര്‍ , ലാബ് ടെക്നീഷ്യന്മാര്‍ എന്നിവര്‍ ഉൾപ്പടെ 150ലേറെ പേരെ സ്ഥിരപ്പെടുത്താൻ ഫയല്‍ നീക്കിയത്. പത്തുവര്‍ഷം സര്‍വീസുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പഠിച്ച ഗവേണിങ് ബോഡി കഴിഞ്ഞ ദിവസം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരപ്പെടുത്താനുള്ളവരുടെ വിവിരങ്ങളടങ്ങിയ ഫയല്‍ ആരോഗ്യ വകുപ്പില്‍ നിന്ന് കഴിഞ്ഞ ദിവസം നിയമ വകുപ്പിലേക്ക് പോയത്.