Asianet News MalayalamAsianet News Malayalam

ഭരണത്തുടർച്ചയുണ്ടായാൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തുടരുമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി

താത്കാലിക ജീവനക്കാർക്ക് നിയമനം കൊടുക്കാൻ ഒരുതരത്തിലും തടസമുണ്ടാക്കില്ല. ഇപ്പോൾ അതു കൊടുക്കില്ല എന്നുമാത്രമേയുള്ളൂ ഭാവിയിൽ അവർക്ക് നിയമനം കിട്ടും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.

appointment of temporary staff will continue in future says CM Pinarayi vijayan
Author
Thiruvananthapuram, First Published Feb 17, 2021, 10:00 PM IST

തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തൽക്കാലത്തേക്ക് നിർത്തി സ‍ർക്കാർ. അതേ സമയം ഭരണത്തുടർച്ച ഉണ്ടായാൽ സ്ഥിരപ്പെടുത്തൽ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി പൂർണ്ണമായും തള്ളുകയും ചെയ്തു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം 3051 പുതിയ തസ്തികൾ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

യുവജനരോഷം ഉയരുന്നതിനിടെയാണ് സ്ഥിരപ്പെടുത്തൽ മഹാമഹത്തിന് സർക്കാർ താൽക്കാലിക തിരശ്ശീല ഇട്ടത്. പക്ഷെ സ്ഥിരപ്പെടുത്തൽ തന്നെയാണ് ഇടത് സർക്കാർ നയമെന്ന് ഉദ്യോഗാർത്ഥികളെ വെല്ലുവിളിച്ച് കൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സിന് ഒപ്പം സമരം ചെയ്യുന്ന സിപിഒ ഉദ്യോഗാർത്ഥികൾക്ക് ഇനി ഒരു പ്രതീക്ഷയും വേണ്ടെന്നും മുഖ്യമന്ത്രി തീർത്തു പറഞ്ഞു.

ഇതുവരെ സ്ഥിരപ്പെടുത്തിയവർക്ക് ആർക്കും ജോലി നഷ്ടപ്പെടില്ലെന്ന് വൈകിട്ട് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മന്ത്രിസഭാ യോഗങ്ങളിൽ മാത്രമായി 789 പേരെയാണ് സ്ഥിരം ജോലിക്കാരാക്കിയത്. സ്ഥിരപ്പെടുത്തൽ നി‍ർത്തുന്നതോടൊപ്പം യുവജനപ്രതിഷേധം തണുപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പുതിയ തസ്തിക ഉണ്ടാക്കാൻ തീരുമാനിച്ചത്. 

ആരോഗ്യവകുപ്പിൽ 2027, ഹയർസെക്കണ്ടറിയിൽ 151, മണ്ണ് സംരക്ഷണവകുപ്പിൽ 111 എന്നിങ്ങനെ വിവിധ വകുപ്പുകളിൽ പുതുതായി സൃഷ്ടിച്ച തസ്തികകൾ. തസ്തികകൾ സൃഷ്ടിച്ചത് ഉയർത്തിയും സമരത്തിന് പിന്നിലെ പ്രതിപക്ഷ രാഷ്ട്രീയം പറഞ്ഞും നിയമന പ്രതിഷേധത്തെ നേരിടാനാണ് സർക്കാർ തീരുമാനം

മുഖ്യമന്ത്രിയുടെ വാക്കുകൾ...

സർക്കാരെടുത്ത നടപടികളിൽ യാതൊരു അനവധാനതയും ഉണ്ടായിട്ടില്ല. ഞാൻ പലവട്ടം ആവർത്തിച്ചതാണ്, ഇന്നലെയും പറഞ്ഞു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് പി എസ് സി ലിസ്റ്റ് ഇല്ലാത്തിടത്താണ്. പി എസ് സി ലിസ്റ്റിലുള്ള ആരെയും അവിടെ സ്ഥിരപ്പെടുത്താനും കഴിയില്ല. ലിസ്റ്റിലുള്ളവർ അതാ​ഗ്രഹിച്ചിട്ടും കാര്യമില്ല. എല്ലാ സ്ഥാപനത്തിലും പി എസ് സി ലിസ്റ്റ് ഇല്ലല്ലോ. ഓരോ സ്ഥാപനത്തിന്റെയും നടത്തിപ്പിന് അവർ ഓരോ ഘട്ടത്തിലും ആളുകളെ എടുക്കുന്നുണ്ട്.

അത് ചിലർ നല്ല കൃത്യതയോടെ പരീക്ഷയും മറ്റും നടത്തിത്തന്നെ എടുക്കുന്നവരാണ്. എന്നാൽ, അം​ഗീകൃത ജോലിയായി വന്നിട്ടില്ല. ഇത്തരം ആളുകൾ വർഷങ്ങൾ കുറച്ചായി. ചിലർ 20 വർഷം ആയവരാണ്. ഇവരെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പരി​ഗണന ഇല്ലാതെ തന്നെ കൃത്യമായ മാനദണ്ഡം ഇല്ലാതെ തന്നെ, ഇത്രയും കാലം അവരവിടെ ജോലി ചെയ്തു എന്നത് തന്നെ വലിയ കാര്യമാണ്.

അവരെ നിങ്ങള് പിരിഞ്ഞുപൊക്കോ എന്ന് പറഞ്ഞുകഴിഞ്ഞാലുണ്ടാകുന്ന മാനുഷികപ്രശ്നം ഇല്ലേ. അതാണ് പത്തുവർഷമുള്ളവരെ നിയമിക്കുന്നതിന് സർക്കാർ തീരുമാനിക്കുന്നതിന് ഇടയാക്കിയത്. നേരത്തെ യുഡിഎഫ് സർക്കാർ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിയമനം നടത്തിയ ഒരുപാട് പ്രശ്നങ്ങളുണ്ട്. അവര് നിയമിച്ചവരെ അവര് തന്നെ സ്ഥിരപ്പെടുത്തിയ കാര്യങ്ങളുണ്ട്.

ഇത് അങ്ങനെയൊന്നുമല്ലല്ലോ. നമ്മുടെ നാട്ടിൽ നടക്കാൻ പാടില്ലാതത് എന്തോ ഒരു കാര്യം സർക്കാർ ചെയ്യുന്നു എന്നൊരു പ്രതീതി ഉണ്ടാക്കാൻ നോക്കുകയാണ്. ഇത് ബോധപൂർവ്വമായ ഒരു നടപടിയാണ്. ബോധപൂർവ്വം സർക്കാരിന്റെ നടപടികളെ കരിവാരിത്തേക്കാൻ ശ്രമിക്കുന്ന ഒരു വിഭാ​ഗം പ്രവർത്തിക്കുന്നു. അവർക്ക് അതിനുള്ള അവസരം കൊടുക്കേണ്ടതില്ല. ജനങ്ങൾ എൽഡിഎഫ് സർക്കാരിനൊപ്പം തന്നെയാണുള്ളത്. 

ഇതിനെയൊക്കെ തെറ്റായി ഉപയോ​ഗിക്കുന്നവർക്ക് ഇതൊരു ആയുധമാക്കാൻ അവസരം കൊടുക്കേണ്ട എന്നതുകൊണ്ടാണ് ഇപ്പോ ആർക്കും നിയമനം നൽകേണ്ട എന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. അതിനു കൃത്യമായ മറഉപടി ബഹമാനപ്പെട്ട ഹൈക്കോടതി മുന്നിൽ സർക്കാർ നൽകുകയും ചെയ്യും. അതിൽ പ്രത്യേക ആശങ്കയുടെ പ്രശ്നമൊന്നുമില്ല. താത്കാലിക ജീവനക്കാരെ ഈ സർക്കാർ കൈവിടില്ല. 

ഇപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാരെ വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുമ്പോൾ അതിൽ പിടിച്ചു നിൽക്കേണ്ട എന്നാണ് സർക്കാർ കാണുന്നത്.  ഞങ്ങൾ ഒരു തരത്തിലും ഇതിൽ ആശങ്കപ്പെടുന്നില്ല. താത്കാലിക ജീവനക്കാർക്ക് നിയമനം കൊടുക്കാൻ ഒരുതരത്തിലും തടസമുണ്ടാക്കില്ല. ഇപ്പോൾ അതു കൊടുക്കില്ല എന്നുമാത്രമേയുള്ളൂ ഭാവിയിൽ അവർക്ക് നിയമനം കിട്ടും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.

Follow Us:
Download App:
  • android
  • ios