മാര്‍ച്ച് പതിനൊന്നിന് കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തി. സംഘം ഇതോടെ പ്രതിസന്ധിയിലായി. രണ്ട് കുട്ടികളും 12 സ്ത്രീകളും സംഘത്തില്‍ ഉണ്ട്.

ബംഗ്‍ലൂരു: ലോക്ഡൗണിനെത്തുടര്‍ന്ന് കർണ്ണാടകയിലെ കാർവാറിനടുത്ത് മലയാളികൾ ഉൾപ്പെടെയുളളവരുടെ സർക്കസ് സംഘം കുടുങ്ങി കിടക്കുന്നു. അപ്പോളോ സർക്കസിന്‍റെ അൻപത്തിരണ്ടംഗ സംഘമാണ് അടച്ചുപൂട്ടലിനെത്തുടര്‍ന്ന് നാട്ടിലേക്ക് എത്താനാകാതെ കുടുങ്ങിയത്. ഭക്ഷണം പോലുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിൽ കഷ്ടപ്പെടുകയാണെന്നും തിരിച്ചെത്താൻ സംസ്ഥാന സർക്കാർ സഹായിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. 

ലോക്ഡൗണില്‍ സര്‍ക്കസ് പ്രദര്‍ശനം നിര്‍ത്തിയതോടെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കസ് കലാകാരന്‍മാര്‍ ക്യാമ്പില്‍ കുടങ്ങിയത്. ഉത്തര കര്‍ണ്ണാടകയിലെ കാര്‍വാറിനടുത്ത് സിര്‍സി എന്ന സ്ഥലത്താണ് ഇവരുടെ ക്യാമ്പ്. മാര്‍ച്ച് ആറിന് പ്രദര്‍ശനം തുടങ്ങി. മാര്‍ച്ച് പതിനൊന്നിന് കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തി. സംഘം ഇതോടെ പ്രതിസന്ധിയിലായി. രണ്ട് കുട്ടികളും 12 സ്ത്രീകളും സംഘത്തില്‍ ഉണ്ട്. ആദ്യദിവസങ്ങളില്‍ ഭക്ഷണം പ്രാദേശിക ഭരണകൂടം എത്തിച്ചിരുന്നു. ഇപ്പോള്‍ സ്വന്തം നിലക്കാണ്. ആഹാര സാധനങ്ങള്‍ കുറവായതിനാല്‍ പട്ടിയിണിയിലാവുന്ന അവസ്ഥയിലാണ് സംഘം.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കഴിയാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നു. സര്‍ക്കസ് കലാകാരന്‍മാരില്‍ കൂടുതലും നേപ്പാള്‍, ഡാര്‍ജിലിങ്ങ്, അസം എന്നിവിടങ്ങളില്‍ നിന്ന് ഉള്ളവരാണ്. അതിനാല്‍ ഇവരെ നാട്ടിലെത്തിക്കാനും നിര്‍വ്വാഹമില്ല. അറുപത് വയസില്‍ കൂടുതല്‍ പ്രായമുള്ള പതിനഞ്ച് പേരും സംഘത്തിലുണ്ട്. ഇരില്‍ ചിലക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതും സംഘത്തെ ആശങ്കയിലാക്കുന്നു.