കൊച്ചി: റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ പ്രതി അപ്പുണ്ണി വീണ്ടും പൊലീസ് പിടിയിലായി. ഈ മാസം ഒന്നിന് മാവേലിക്കര കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ അപ്പുണ്ണി പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. എറണാകുളം കാക്കനാടുള്ള വീട്ടിൽ നിന്നാണ് അപ്പുണ്ണിയെ പിടികൂടിയത്.

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മാവേലിക്കര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പൊലീസുകാരെ കബളിപ്പിച്ച്  അപ്പുണ്ണി കടന്നു കളഞ്ഞത്. അപ്പുണ്ണിക്ക് ഭക്ഷണം വാങ്ങി നൽകിയതിന്‍റെ പണം നൽകാൻ പൊലീസുകാരൻ പോയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്.കൃത്യ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയ പോലീസുകാർ സസ്പെൻഷനിലുമായി.

ഇതിനിടയിലാണ് അപ്പുണ്ണി കൊച്ചിയിൽ  ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചത്. കാക്കനാടുള്ള വീട്ടിൽ പോലീസ് വാതിൽ തകർത്ത് കയറിയപ്പോൾ ആദ്യം മൂന്ന് നായ്കളെ ഇയാൾ അഴിച്ചുവിട്ടു. തുടര്‍ന്ന് എയർ ഗൺ ഉപയോഗിച്ച് ആത്മഹത്യാ ശ്രമം നടത്തി. എറണാകുളം  കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് പ്രതിയെ പിടികൂടിയത്. അപ്പുണ്ണിയെ മാവേലിക്കര പോലീസിന് കൈമാറി. കിളിമാനൂര്‍ സ്വദേശിയായ രാജേഷിനെ വെട്ടിക്കൊന്ന കേസിലെ മൂന്നാം പ്രതിയാണ് ആലപ്പുഴ സ്വദേശിയായ അപ്പുണ്ണി.