ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ് തൻ്റെ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും എതിരാളികൾ വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പറഞ്ഞു. ബോർഡിലെ ചിത്രങ്ങൾ കീറാം, പക്ഷെ ഈ അക്രമികൾക്ക് ജന്മനസ്സുകളിലെ ചിത്രങ്ങൾ മാറ്റാൻ കഴിയില്ലെന്നും വീണാ ജോർജ്.

പത്തനംതിട്ട: ആറന്മുളയിലെ പ്രചാരണ ബോർഡുകൾ വ്യാപകമായി എതിരാളികൾ നശിപ്പിക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്. പോസ്റ്ററുകളും ഫ്ളക്സുകളുമെല്ലാം വ്യാപകമായി നശിപ്പിക്കുകയും ബോർഡുകൾ ‌എടുത്തു മാറ്റുകയും ചെയ്യുന്നുവെന്ന് വീണാ ജോർജ് ഫോട്ടോ സഹിതം ഫേസ് ബുക്കിൽ കുറിച്ചു. ബോർഡിലെ ചിത്രങ്ങൾ കീറാം, പക്ഷെ ഈ അക്രമികൾക്ക് ജന്മനസ്സുകളിലെ ചിത്രങ്ങൾ മാറ്റാൻ കഴിയില്ലെന്നും വീണാ ജോർജ് കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

"എതിർപക്ഷത്തിന്‌ ഇത്ര പരാജയഭീതിയോ? ആറന്മുളയിൽ ഇടതുപക്ഷത്തിന്റെ പോസ്റ്റർ , ഫ്ളക്സ് എല്ലാം വ്യാപകമായി നശിപ്പിക്കുന്നു ബോർഡുകൾ ‌എടുത്തു മാറ്റുന്നു. സാധാരണ നാട്ടിലെ രാഷ്ട്രീയപ്രവർത്തകർ ചെയ്യാത്ത തരത്തിൽ ഇത് ചെയ്യുന്നു എന്ന് പ്രിയപ്പെട്ടവർ പറയുന്നു. ബോർഡിലെ ചിത്രങ്ങൾ കീറാം, പക്ഷെ ഈ അക്രമികൾക്ക് ജന്മനസ്സുകളിലെ ചിത്രങ്ങൾ മാറ്റാൻ കഴിയില്ല"

മൂന്നാം ജയം തേടിയാണ് വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കുന്നത്. അബിൻ വർക്കിയും കുമ്മനം രാജശേഖരനുമാണ് എതിരാളികൾ. നേരത്തെ സൈബർ ആക്രമണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വീണാ ജോർജ് പരാതി നൽകിയിരുന്നു. തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുവെന്നും ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാൻ പാടില്ലാത്ത നീക്കമാണിതെന്നും വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലൈംഗിക ചുവയുള്ള വാക്കുകളാണ് ഉപയോ​ഗിക്കുന്നതെന്നും സൈബർ ആക്രമണം എല്ലാ പരിധിയും വിട്ടെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് തോൽവി ഭയന്നുള്ള രണ്ടാമത്തെ നാടകമാണെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ പ്രതികരണം. തനിക്കു നേരെയും സൈബർ അധിക്ഷേപം ഉണ്ടെന്നും എല്ലാ സൈബർ ആക്രമണങ്ങളെയും എതിർക്കുന്നുവെന്നും അബിൻ വർക്കി പറഞ്ഞു.