വന്യജീവി ആക്രമണങ്ങളിൽ ഉണ്ടാകുന്ന കൃഷിനാശത്തിന് നിലവിൽ നൽകുന്ന നഷ്ടപരിഹാരം വളരെ കുറവാണെന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാട്ടുപന്നിയെ 'ക്ഷുദ്രജീവിയായി' പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യത്തോട് കേന്ദ്രം വീണ്ടും വിമുഖത കാണിച്ചു.
ദില്ലി: കേരളത്തിലെ വന്യജീവി ശല്യത്തിനും കൃഷിനാശത്തിനും പരിഹാരം തേടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. വന്യജീവി ആക്രമണങ്ങളിൽ ഉണ്ടാകുന്ന കൃഷിനാശത്തിന് നിലവിൽ നൽകുന്ന നഷ്ടപരിഹാരം വളരെ കുറവാണെന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാട്ടുപന്നിയെ 'ക്ഷുദ്രജീവിയായി' പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യത്തോട് കേന്ദ്രം വീണ്ടും വിമുഖത കാണിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. "കേരളത്തിൽ ഇപ്പോൾത്തന്നെ നിങ്ങൾ പന്നികളെ കൊന്നുകൊണ്ടിരിക്കുകയല്ലേ" എന്ന് ചോദിച്ച കേന്ദ്രമന്ത്രി, കേരളത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊന്നതിന്റെ ചിത്രങ്ങൾ തനിക്ക് മുന്നിൽ നിരത്തിയതായും സംസ്ഥാന വനംവകുപ്പ് മന്ത്രി പറഞ്ഞു. 'ഇവയെ തിന്നാൻ വേണ്ടിയാണോ കൊന്നുതള്ളുന്നത്' എന്ന അർത്ഥത്തിൽ, അവസാനം "നിങ്ങൾ വെജിറ്റേറിയനാണോ അതോ നോൺ വെജിറ്റേറിയനാണോ" എന്ന് കേന്ദ്രമന്ത്രി ഹാസ്യരൂപേണ ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തുരങ്കപാത ചർച്ചയായില്ല; പ്രകൃതിയേക്കാൾ പ്രധാനം മനുഷ്യൻ
കേരളം ഏറെ ഉറ്റുനോക്കുന്ന തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയായില്ല. മുൻകൂട്ടി നിശ്ചയിച്ച അജണ്ടകൾ മാത്രമാണ് സംസാരിച്ചത്. കർശന നിർദേശങ്ങൾ പലതും അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. പ്രകൃതി സംരക്ഷണം മാത്രമല്ല, മനുഷ്യന്റെ നിലനിൽപ്പ് സാധ്യമാണോ എന്നുകൂടി ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ അടിസ്ഥാന തലത്തിൽ ശക്തമായ ബോധവൽക്കരണം നടത്തി കേരളം മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു.
'മുട്ടിൽ മരംമുറി കേസിൽ സർക്കാർ ഉഴപ്പിയിട്ടില്ല'
ഏറെ വിവാദമായ മുട്ടിൽ മരംമുറി കേസിൽ സംസ്ഥാന സർക്കാർ ഒത്തുകളിച്ചെന്നോ ഉഴപ്പിയെന്നോ ഉള്ള പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. വനംവകുപ്പ് തന്നെയാണ് ഈ കേസിൽ അനുകൂല വിധി വാങ്ങിയെടുത്തത്. റവന്യൂ ഭൂമിയിലാണ് മരംമുറി നടന്നതെന്ന് ബോധ്യപ്പെട്ടാൽ സ്വാഭാവികമായും റവന്യൂ വകുപ്പാണ് കേസ് നടത്തേണ്ടത്. കേസിൽ കൂടുതൽ നടപടികളിലേക്ക് കടക്കാതിരുന്നത് പോലീസ് നിർദേശപ്രകാരമാണെന്നും മന്ത്രി വിശദീകരിച്ചു.


