ബിജെപി- ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 10-ാം പ്രതി നവാസിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഒരു മാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്
കൊച്ചി: ബിജെപി- ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 10-ാം പ്രതി നവാസിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഒരു മാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. പക്ഷാഘാതം വന്ന് ശരീരം തളർന്നിരുന്നു. ഈ മെഡിക്കൽ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. വധശിക്ഷക്ക് വിധിച്ച് ഒരു വർഷമായി ജയിലിൽ കഴിയുകയാണ് പ്രതി. കേസിൽ 15 പ്രതികൾക്കും വധശിക്ഷയാണ് കോടതി വിധിച്ചത്.
2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18ന് രാത്രി എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ കൊലപാതകം. പ്രതികൾ എല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.
ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എന്‍ ആര്‍ ജയരാജാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകള്‍ ഹാജരാക്കി. വിരലടയാളങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയവ ഹാജരാക്കിയിരുന്നു. തെളിവുകൾ പരിശോധിച്ച കോടതി പ്രതികൾക്ക് വധശിക്ഷയാണ് വിധിച്ചത്.
ആലപ്പുഴ അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം വീട്ടില്‍ അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ വീട്ടില്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് വീട്ടില്‍ മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം വീട്ടില്‍ സറഫുദ്ദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടില്‍ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയില്‍ ജസീബ് രാജ, മുല്ലയ്ക്കല്‍ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, നോര്‍ത്ത് ആര്യാട് കണ്ണറുകാട് വീട്ടില്‍ നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, മണ്ണഞ്ചേരി തെക്കേവെളിയില്‍ ഷാജി, മുല്ലയ്ക്കല്‍ നൂറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണ് ഒന്ന് മുതല്‍ 15 വരെ പ്രതികള്‍.



