സംഭവത്തിൽ മുടപ്പല്ലൂർ സ്വദേശി അംബിളി ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  

ആലത്തൂർ: ചിറ്റിലഞ്ചേരി പാട്ട പ്ലാങ്ങോട് -ഭാഗത്ത് തോട്ടം തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിൽ അടിയേറ്റ് ഒരാൾ മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി ഷിജുവാണ് മരിച്ചത്. സംഭവത്തിൽ മുടപ്പല്ലൂർ സ്വദേശി അംബിളി ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജെസിബി ഡ്രൈവറാണ് മരിച്ച ഷിജു.

കഴക്കൂട്ടത്ത് ഗൃഹനാഥന്‍ ചവിട്ടേറ്റ് മരിച്ച സംഭവം: പ്രതി പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗൃഹനാഥന്‍ ചവിട്ടേറ്റ് മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. 
കൊല്ലം നടുവിലശ്ശേരി തൃക്കരുവ സ്വദേശി വിജയകുമാർ (48) ആണ് പൊലീസിന്‍റെ പിടിയിലായത്. ഇന്ന് രാവിലെ അഞ്ചാലുംമൂടിന് സമീപം തൃക്കരുവയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നെട്ടയകോണം സ്വദേശി കെ ഭുവനചന്ദ്രൻ ഇന്നലെയാണ് മരിച്ചത്. കഴക്കൂട്ടത്ത് റോഡരില്‍ കരിക്ക് വില്‍പ്പനക്കാരനുമായി ഭുവനചന്ദ്രന്‍ സംസാരിക്കുന്നതിനിടെ അതുവഴി ആക്രി പെറുക്കാന്‍ വന്ന വിജയകുമാർ തുപ്പുകയായിരുന്നു.

തൊട്ടടുത്ത് കാര്‍ക്കിച്ച് തുപ്പിയതിനെ ഭുവനചന്ദ്രന്‍ ചോദ്യം ചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ വാക് തര്‍ക്കത്തിനിടെ ഭുവനചന്ദ്രനെ ആക്രിക്കാരന്‍ ചവിട്ടി എന്നാണ് ദൃക്സാക്ഷികളുടെ ആരോപണം. കരൾ രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രൻ. വയറിൽ ശക്തമായ ചവിട്ടേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭുവനചന്ദ്രന് 65 വയസ്സായിരുന്നു.