ചാന്‍സലര്‍ സ്ഥാനത്ത് തുടർന്നാൽ കടുത്ത നടപടി ഉണ്ടാകും. സർക്കാർ നൽകിയ കത്തിൽ തൃപ്തിയുണ്ട്. ചാന്‍സലര്‍ സ്ഥാനത്ത് തുടരണമോയെന്നതില്‍ സമയം എടുത്ത് മാത്രമേ തീരുമാനം എടുക്കുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി വിസി വി പി മഹാദേവൻ പിള്ളയെ (V P Mahadevan Pillai) വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan). വിസി നല്‍കിയ കത്തിലെ ഭാഷയെയാണ് പരാമര്‍ശിച്ചത്. എല്ലാവരും വിസിയുടെ ഭാഷയെ പരിഹസിച്ചു. ആരിൽ നിന്നാണ് സമ്മർദ്ദമുണ്ടായതെന്ന് വിസി ആണ് വ്യക്തമാക്കേണ്ടത്. ചാൻസലർ ആവശ്യപ്പെടുന്ന കാര്യങ്ങൾ എങ്ങനെയാണ് സമ്മര്‍ദ്ദമാകുകയെന്നും ഗവര്‍ണര്‍ ചോദിച്ചു.
പ്രതിപക്ഷം തന്‍റെ ഉപദേശകരാകേണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഉൾപ്പാർട്ടി പ്രശ്നങ്ങൾ തീർക്കാൻ പ്രതിപക്ഷം തന്നെ ഉപയോഗിക്കുകയാണ്. ചാന്‍സലര്‍ സ്ഥാനത്ത് തുടർന്നാൽ കടുത്ത നടപടി ഉണ്ടാകും. സർക്കാർ നൽകിയ കത്തിൽ തൃപ്തിയുണ്ട്. ചാന്‍സലര്‍ സ്ഥാനത്ത് തുടരണമോയെന്നതില്‍ സമയം എടുത്ത് മാത്രമേ തീരുമാനം എടുക്കുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി വി പി മഹാദേവൻ പിള്ള ഇന്നലെ രംഗത്തെത്തിയിരുന്നു. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാൻ പരമാവധി ശ്രമിക്കും. ജീവിതത്തിന്‍റെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണെന്നും വിസി ഇന്നലെ വിശദീകരിച്ചു.
അതേസമയം രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച വിഷയത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും വിഷയം ഗവർണറും വിസിയും തമ്മിൽ പരിഹരിക്കട്ടെ എന്നുമാണ് മന്ത്രി ഇന്നലെ പറഞ്ഞത്. സർക്കാരിന് അതിൽ കക്ഷി ചേരേണ്ട കാര്യമില്ല. ഗവർണർ പറഞ്ഞതിന്റെ വിശദാംശങ്ങൾ അവരോട് ചോദിക്കണം. തനിക്ക് അറിയില്ല. സർക്കാർ ഒരു നിർദ്ദേശവും വിസിക്ക് നൽകിയിട്ടില്ല. സർവകലാശാലയെ നേട്ടങ്ങളിലേക്ക് നയിച്ച ആളാണ് മഹാദേവൻ പിള്ള. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രജ്ഞരിൽ ഒരാൾ ആണ് കേരള വിസി. അങ്ങനെയുള്ള വിസിയുടെ യോഗ്യതയെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ഡി ലിറ്റ് വിവാദത്തിൽ വിസിയുടെ ആശയവിനിമയം സർക്കാർ അറിഞ്ഞിട്ടില്ല എന്നും ആർ ബിന്ദു പറഞ്ഞിരുന്നു.
