വിനോദ യാത്രകൾ നമ്മൾ എല്ലാവരും പോകാറുണ്ട്. മനസും ശരീരവും ഒന്ന് ശാന്തമാകാൻ നമ്മൾ തെരഞ്ഞെടുക്കുന്ന മാര്‍ഗങ്ങളിൽ ഏറ്റവും മുന്നിലുള്ള ഒന്നാണല്ലോ അത്
തൃശൂർ: വിനോദ യാത്രകൾ നമ്മൾ എല്ലാവരും പോകാറുണ്ട്. മനസും ശരീരവും ഒന്ന് ശാന്തമാകാൻ നമ്മൾ തെരഞ്ഞെടുക്കുന്ന മാര്‍ഗങ്ങളിൽ ഏറ്റവും മുന്നിലുള്ള ഒന്നാണല്ലോ അത്. എന്നാൽ വിധി തളര്‍ത്തിയവരും രോഗാവസ്ഥ മനസ് മടുപ്പിച്ചവരുമെല്ലാം എങ്ങനെയാണ് ഇങ്ങനെയൊരു ആശ്വാസം കണ്ടെത്തുക എന്ന് നമ്മൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അങ്ങനെയുള്ളവരെ കുറിച്ച് ഓര്‍ക്കുകയും ചേര്‍ത്ത് പിടിക്കുകയും ചെയ്ത ഒരു പഞ്ചായത്തിന്റെ കഥയാണ് പറയാനുള്ളത്.
അരിമ്പൂർ പഞ്ചായത്താണ് മനസറിഞ്ഞ്, ഭിന്നശേഷിക്കാരെയും കാൻസർ രോഗികളുമൊത്ത് ദിവസത്തെ വിനോദയാത്ര നടത്തിയത്. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് സി.ജി സജീഷ്, പ്രാഥമികാരോഗ്യ കേന്ദ്രം ഡോ. സുജിത് ബംഗ്ലാവൻ, ഹെൽത്ത് ഇൻസ്പെക്ടർ സരേഷ് ശങ്കർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൊച്ചിയിലേക്കുള്ള വിനോദ യാത്ര.
അവരുടെ കൂട്ടത്തിൽ 36 കിടപ്പു രോഗികളും ഉണ്ടായിരുന്നു. 2 ബസുകളിൽ രോഗികളുടെ ബന്ധുക്കൾ സഹിതം 80 പേരാണ് യാത്ര പോയത്. 5 പേർ വിൽച്ചെയർ സഹിതമാണ് യാത്രക്കെത്തിയത്. കായലോളങ്ങളും പുതു കാഴ്ചകളും ആസ്വദിച്ചായിരുന്നു ഇവരുടെ യാത്ര. വീൽച്ചെയറിൽ എത്തിയവരെ വിനോദ കേന്ദ്രങ്ങളിൽ എത്തുമ്പോൾ ബസിൽ നിന്ന് ഇറക്കുകയും കയറ്റുകയും എന്നത് വെല്ലുവിളിയായിരുന്നു. എന്നാൽ ഇതൊന്നും അവരെ തളര്‍ത്തിയില്ല.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി സജീഷ് ഇതിന്റെ നേതൃത്വം ഏറ്റെടുത്തു. അങ്ങനെ മനസ് നിറച്ചൊരു പഞ്ചായത്ത് യാത്രയിൽ, ഡച്ച് പാലസും വാട്ടർ മെട്രോയും അടക്കമുള്ള ഇടങ്ങൾ കണ്ടാണ് ഇവര്‍ മടങ്ങിയത്.
