ഡെപ്യൂട്ടി മേയർ എംഎൽ റോസി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് മന്ത്രിയും ഉദ്ഘാടനം നടത്തിയത്

തൃശൂര്‍: ഡെപ്യൂട്ടി മേയർ എംഎൽ റോസിയുടെ ഉദ്ഘാടന ശിലാഫലകം തകർത്ത കോർപറേഷൻ നടപടിക്ക് എതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ്. ഇന്നലെ രാത്രിയോടെ കോർപ്പറേഷൻ വണ്ടിയെത്തി ശിലാഫലകം ഇടിച്ച് തകർക്കുകയായിരുന്നു. അരിസ്റ്റോ റോഡിന്‍റെ ആദ്യ ഉദ്ഘാടനം ഈ മാസം ആറാം തീയതിയാണ് നടന്നത്. ഡെപ്യൂട്ടി മേയർ എംഎൽ റോസിയായിരുന്നു ഉദ്ഘാടനം ചെയ്തത്. പിന്നാലെ ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു റോഡിന്‍റെ രണ്ടാം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

മന്ത്രി ഉദ്ഘാടനം ചെയ്തതതിന് ശേഷമാണ് എംഎൽ റോസിയുടെ ഉദ്ഘാടന ശിലാഫലകം തകര്‍ത്തത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് നിലവില്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്. ഡെപ്യൂട്ടി മേയറുടെ ഉദ്ഘാടന ഫലകം നീക്കാന്‍ എത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പകരം മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാനുള്ള ഫലകം റോഡിന് മറുവശത്താണ് കോര്‍പറേഷന്‍ സജ്ജീകരിച്ചത്. കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും മികച്ച ഭരണമാണ് കഴിഞ്ഞ അഞ്ച് വർഷക്കാലമായി മേയർ കാഴ്ചവെക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.