തിരുവനന്തപുരം: ഓൺലൈൻ മാധ്യമങ്ങളിലെ വ്യാജവിവാഹവാർത്തകളിൽ നിരാശനായി നടൻ അരിസ്റ്റോ സുരേഷ്. വിവാഹമല്ല, സിനിമാ സംവിധാനമാണ് അടുത്ത ലക്ഷ്യമെന്ന് സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മുത്തേ പൊന്നേ പിണങ്ങല്ലേ പാട്ടും ബിഗ് ബോസും ഹിറ്റായത് മുതൽ ചർച്ചകളിൽ നിറയുന്നുണ്ട് അരിസ്റ്റോ സുരേഷിൻറെ വിവാഹവാർത്തകൾ. കല്യാണം ഉറപ്പിച്ചെന്ന മട്ടിലെ ഒടുവിലത്തെ പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസത്തെ ഒരു ഓൺലൈൻ വാർത്ത. വിവാഹം കഴിക്കുന്നത് ബിഗ് ബോസിൽ ഒപ്പമുണ്ടായിരുന്ന അദിതിയെയാണെന്ന് ഫോട്ടോ വെച്ചുള്ള വാർത്ത വലിയ ചർച്ചയായി. 

അൻപതാം വയസ്സിൽ, ഒടുവിൽ പ്രണയ സാക്ഷതകരം എന്ന് തലകെട്ടിട്ട്  ആദിതിയുടെ പേരും ചിത്രങ്ങളും ഒക്കെ ചേർത്തായിരുന്നു ചില ഓണ്‍ലൈന്‍  മാധ്യമങ്ങൾ  വാർത്ത മെനഞ്ഞത്. പിന്നീട് സമൂഹമാധ്യമങ്ങിലും വിവാഹ വാർത്ത നിറഞ്ഞു. അരിസ്റ്റോ സുരേഷിന്റെ അമ്മയെ കാണാൻ അതിദി വീട്ടിലെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് വ്യാജ  വാർത്തയ്ക്ക് പിന്നിലുള്ളവർ വിവാഹ ചിത്രമാക്കിയത്.