സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെ വിടാനുണ്ടായ സാഹചര്യത്തെ ചൊല്ലിയാണ് തർക്കം. വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി ഷംസുദ്ദീൻ പ്രതികരിച്ചു.
കണ്ണൂര്: അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക സാക്ഷികളെ ഹാജരാക്കുന്നതിൽ പാർട്ടി നേതൃത്വത്തിന് വീഴ്ച്ച പറ്റിയെന്ന് മുസ്ലിംലീഗിൽ വിമർശനം. സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെ വിടാനുണ്ടായ സാഹചര്യത്തെ ചൊല്ലിയാണ് തർക്കം. വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി ഷംസുദ്ദീൻ പ്രതികരിച്ചു.
എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ 13 പ്രതികളെ ശിക്ഷിച്ചെങ്കിലും ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജനും, ടിവി രാജേഷിനും തുണയായത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വെച്ച് ഇരുവരുടെയും നേതൃത്വത്തിൽ ഷുക്കൂറിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു സി ബി ഐ കണ്ടെത്തൽ. ഷുക്കൂറിനെ കൈകാര്യം ചെയ്യണം എന്ന് നേതാക്കൾ നിർദ്ദേശം നൽകിയത് കേട്ടെന്നായിരുന്നു സാക്ഷികളായ മുഹമ്മദ് സാബിറും, പി പി അബൂവും നൽകിയ മൊഴി. പക്ഷേ നിർണായക സാക്ഷികളായ ഇരുവരും സിബിഐ കോടതിയിൽ ഹാജരായിരുന്നില്ല. ഇത് പാർട്ടി നേതൃത്വത്തിന്റെ വീഴ്ചയാണെന്ന ആരോപണമാണ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നത്. സിപിഎം നേതാക്കളുമായി ചിലർ ഡീൽ ഉണ്ടാക്കിയെന്ന ആരോപണം വരെ ഒരു വിഭാഗം ഉയർത്തുന്നു. കേസിന്റെ വിചാരണ വേളയിൽ സിപിഎം ഭരണമായിരുന്നുവെന്നും കേസ് നടത്തിപ്പിൽ വീഴ്ച്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നു മന്ത്രി എൻ ഷംസുദ്ധീൻ പറഞ്ഞു.
എന്നാൽ, സിപിഎം ഭീഷണി മൂലമാണ് രണ്ട് സാക്ഷികളും കോടതിയിൽ എത്താതിരുന്നതെന്ന വിശദീകരണമാണ് ലീഗ് ജില്ലാ നേതൃത്വം നൽകുന്നത്. മേൽ കോടതിയിൽ പോയി കുറ്റക്കാർക്ക് ശിക്ഷ വാങ്ങി നൽകുമെന്നും നേതൃത്വം പറയുന്നു. തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുന്നുവെന്നു കാട്ടി ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചെലേരി പൊലീസിൽ പരാതി നൽകി. ഷുക്കൂർ കേസ് വിധിയുടെ പേരിൽ പാർട്ടി പ്രവർത്തകർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ശ്രമമെന്നും പരാതിയിൽ പറയുന്നു.

















