'വെടിവെപ്പ്, സർക്കാർ ഓഫീസ് തകർക്കൽ, വീടുകളിലുമെത്തി'; 40 ദിവസത്തിനിടെ മാവോയിസ്റ്റ് സംഘമെത്തിയത് 5 ഇടത്ത്...
പശ്ചിമഘട്ടത്തിലെ നിത്യഹരിത വനം. കൂടുതലും നിബിഡ വനമാണ്. ഉൾക്കാട്ടിലേക്കുള്ള യാത്ര ദുഷ്കരമാണ്. സംസ്ഥാന അതിർത്തികൾ കൂടി ചേരുന്നതിനാൽ, പട്രോളിങ് പോലും അപൂർവം. വന്യമൃഗ സാന്നിധ്യവും കൂടുതൽ ആയതിനാൽ പൊലീസിന് എത്തിപ്പെടുക അത്ര എളുപ്പമല്ല.
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം സജീവമാകുകയാണ്.നാൽപത് ദിവസത്തിനിടെ അഞ്ചിടത്താണ് കൊട്ടിയൂർ പേര്യ വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ മാവോയിസ്റ്റുകളെത്തിയത്. കേരള- കർണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് നീങ്ങാവുന്ന തന്ത്രപ്രധാന വനമേഖലയിലാണ് മാവോയിസ്റ്റുകൾ പതിവായി തമ്പടിക്കുന്നത്.
സെപ്തംബർ 28 കമ്പമല വനംവികസന കോർപ്പറേഷൻ ഓഫീസ് മാവോയിസ്റ്റ് സംഘം അടിച്ചു തകർത്തിരുന്നു. ഇതിന് പിന്നാലെ ഒക്ടോബർ 1 തലപ്പുഴ പൊയിലിൽ ഒരു വീട്ടിലെത്തി ഭക്ഷണ സാധനം ശേഖരിച്ചു. ഓക്ടോബർ 4 കമ്പമല എസ്റ്റേറ്റ് പാടിയിൽ സ്ഥാപിച്ച പൊലീസ് ക്യാമറ തകർത്തു. ഒക്ടോബർ 11 മക്കിമലയിലെ റിസോർട്ടിലെത്തി അരിയും സാധനങ്ങളും വാങ്ങി. ഒക്ടോബർ 30 ആറളം വന്യജീവി സങ്കേതത്തിൽ വനംവാച്ചർമാർക്കുനേരെ വെടിവച്ചു. നവംബർ 7 പേര്യ ചപ്പാരത്ത് അനീഷിൻ്റെ വീട്ടിലെത്തി പിന്നാലെ തണ്ടർ ബോള്‍ട്ടുമായി വെടിവെപ്പുണ്ടാകുകയും രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലാകുകയും ചെയ്തു.
ആന്ധ്രയിൽ നിന്നുള്ള ഒരു സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം ദളങ്ങളെ ശക്തിപ്പെടുത്താൻ കേരളത്തിൽ എത്തിയതായി സൂചന. ഇയാളെത്തിയ ശേഷം ശക്തി തെളിയിക്കാനാണ് കമ്പമലയിൽ വനംവികസന കോർപ്പറേഷൻ ഓഫീസ് അടിച്ചു തകർത്തതെന്നാണ് വിവരം.ബ്രഹ്മിഗിരി മലനിരകളും അവയുടെ ചെരിവുകളുമാണ് കബനീദളത്തിൻ്റെ പ്രധാനതാവളം. കഴിഞ്ഞ ഒരുവർഷമായി പേര്യ തലപ്പുഴയ്ക്കും ആറളത്തിനും ഇടയിലുളള വനമേഖലയിലാണ് മാവോയിസ്റ്റുകൾ തമ്പടിക്കുന്നത്. വടക്കേ വയനാട് വനം ഡിവിഷൻ, ആറളം വൈൽഡ് ലൈഫ് ഡിവിഷൻ, കർണാടകത്തിന് കീഴിലുള്ള ബ്രഹ്മഗിരി വൈൽഡ് ലൈഫ് ഡിവിഷൻ എന്നിങ്ങനെ വ്യാപിച്ചു കിടക്കുന്ന വനമേഖല.
പശ്ചിമഘട്ടത്തിലെ നിത്യഹരിത വനം. കൂടുതലും നിബിഡ വനമാണ്. ഉൾക്കാട്ടിലേക്കുള്ള യാത്ര ദുഷ്കരമാണ്. സംസ്ഥാന അതിർത്തികൾ കൂടി ചേരുന്നതിനാൽ, പട്രോളിങ് പോലും അപൂർവം. വന്യമൃഗ സാന്നിധ്യവും കൂടുതൽ ആയതിനാൽ പൊലീസിന് എത്തിപ്പെടുക അത്ര എളുപ്പമല്ല. ആറളം കൊട്ടിയൂർ മേഖലയിൽ നിന്ന് ബാണാസരു വനമേഖലയിലെ തൊണ്ടർനാട്ടേക്ക് മാവോയിസ്റ്റുകൾ സഞ്ചരിക്കുന്നത് പേര്യ വഴിയാണ്. ചെറിയ ജനവാസ മേഖലകളെ ഒഴിച്ചു നിർത്തിയാൽ കൊട്ടിയൂർ പേര്യ വഴി തൊണ്ടർനാട് കുഞ്ഞോം മേഖലയിലെത്താം. അവിടെ നിന്ന് ബാണാസുര കുന്നുകൾ താണ്ടി വൈത്തിരി, മേപ്പാടി വഴി നിലമ്പൂർ കാടുപിടിക്കാം. നാടുകാണിവഴി തമിഴ്നാട്ടിലുമെത്താം.തലപ്പുഴ കമ്പമല മേഖലയിൽ നിന്ന് തിരുനെല്ലി കാടുകൾ താണ്ടി കർണാടകത്തിലെത്താം. ബ്രഹ്മഗിരി കാടുകൾ താണ്ടി വീരാജ്പേട്ട വനമേഖലയിലേക്കും കാട്ടുവഴികൾ ധാരാളമുണ്ട് എന്നതും മാവോയിസ്റ്റുകള്‍ക്ക് അനുകൂല ഘടകങ്ങളാണ്.
അതിനിടെ ഏറ്റുമുട്ടലുണ്ടായ പേര്യ ചപ്പാരത്തേക്ക് അഞ്ചുകിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയും മാവോയിസ്റ്റുകൾ വരുത്തിച്ചതായി റിപ്പോർട്ടുണ്ട്. മേഖല ക്യാമ്പിനു വേണ്ടിയുള്ള ഒരുക്കമായിരുന്നോ എന്നാണ് പൊലീസും വിവിധ അന്വേഷണ ഏജൻസികളും സംശയിക്കുന്നത്. 5 കിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയുമാണ് ഇവർ ഇങ്ങോട്ടേക്ക് എത്തിച്ചത്. സന്ദേശവാഹകൻ പിടിയിലായതോടെ യോഗം പൊളിഞ്ഞ സാഹചര്യമാണുള്ളത്. പശ്ചിഘട്ടത്തിലെ പുതിയ നായകൻ എൻകൌണ്ടർ സ്പെഷ്യലിസ്റ്റ് ആണോ എന്നുമുള്ള അന്വേഷണത്തിലാണ് പൊലീസും അന്വേഷണ ഏജൻസികളും.
Read More : അടിച്ചെടുത്ത് 8. 64 കോടി; സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറി 14 ദിവസം റിമാൻഡിൽ