നിര്‍മ്മിത ബുദ്ധി ആരോഗ്യ മേഖലയിലും വന്‍മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ വിഷന്‍ ഹോസ്പിറ്റലിലെ ഡോ. ജോര്‍ജ് ചെറിയാന്‍ ചുണ്ടിക്കാട്ടി

കൊച്ചി: നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം വ്യാപകമാകുന്നതോടെ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വിദഗ്ദ്ധര്‍. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനോടനുബന്ധിച്ച് ഫ്യൂച്ചര്‍ ഓഫ് ടാലന്‍ന്‍റ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍, അതേസമയം, നിര്‍മ്മിത ബുദ്ധി വ്യാപകമാകുന്നത് തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ക്ക് ഇടയാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

സാങ്കേതികരംഗത്തെ മാറ്റങ്ങള്‍ എല്ലാ രംഗത്തും പരിവര്‍ത്തനത്തിനു കാരണമാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിസ്കോ ഏഷ്യാ പസിഫിക്, ജപ്പാന്‍, ചൈന മേഖല പ്രസിഡണ്ട് ഡേവ് വെസ്റ്റ് അഭിപ്രായപ്പെട്ടു. പ്രതിഭകള്‍ ഉണ്ടെങ്കില്‍ ഇന്ത്യയില്‍ നിര്‍ണായക മേഖലകളില്‍ വന്‍മുന്നേറ്റത്തിന് സാധ്യതകള്‍ ഉണ്ട്. സര്‍ക്കാരും സംഘടനകളും അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം ബജറ്റിന്‍റെ 40 ശതമാനം വരെ നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ടു ചെലവഴിക്കേണ്ടി വരുമെന്നും ഡേവ് പറഞ്ഞു.

തൊഴില്‍ മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ ആഘാതം വലുതാകില്ലെന്ന് കോഗ്നിസെന്‍റ് ഇന്ത്യ സി എം ഡി രാജേഷ് വാര്യര്‍ അഭിപ്രായപ്പെട്ടു. 90 ശതമാനം തൊഴിലുകളെയും അതു പിന്തുണയ്ക്കും. വൈദുതി, കമ്പ്യൂട്ടര്‍ തുടങ്ങിയ മനുഷ്യജീവിതത്തെ സ്വാധീനിച്ച തരംഗങ്ങളിലൊന്നാണ് നിര്‍മ്മിത ബുദ്ധി. അത് ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിര്‍മ്മിത ബുദ്ധി ആരോഗ്യ മേഖലയിലും വന്‍മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ വിഷന്‍ ഹോസ്പിറ്റലിലെ ഡോ. ജോര്‍ജ് ചെറിയാന്‍ ചുണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണത്തിനു ചികിത്സയേക്കാള്‍ പ്രാധാന്യം ലഭിക്കും. നിര്‍മ്മിത ബുദ്ധി വഴി രോഗങ്ങള്‍ ജീനടിസ്ഥാനമാക്കി പ്രവചിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ലഭ്യമാകുമെന്നും ഡോ. ജോര്‍ജ് ചെറിയാന്‍ പറഞ്ഞു.

വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ പുതിയ സാഹചര്യത്തില്‍ കേരളത്തിനു ഗുണകരമാകുമെന്ന് സംസ്ഥാന തൊഴില്‍ സെക്രട്ടറി ഡോ. കെ വാസുകി അഭിപ്രായപ്പെട്ടു. എല്ലാ മേഖലകളിലെയും തൊഴില്‍രംഗത്തു മാറ്റമുണ്ടാകും. വൈദഗ്ദ്ധ്യം ഉയര്‍ത്തുകയും പുതിയ മേഖലകളിലും വൈദഗ്ദ്ധ്യം നേടുകയുമാണ് ആവശ്യം. ഇത് തൊഴില്‍ നഷ്ടമാകാതെ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാരും വ്യവസായമേഖലയും വിദ്യാഭ്യാസമേഖലയുമായുളള സഹകരണമാണ് പ്രധാനമെന്ന് പാലക്കാട് ഐ ഐ ടി ഡയറക്ടര്‍ ഡോ. ശേഷാദ്രി ശേഖര്‍ പറഞ്ഞു. ബന്ധപ്പെട്ട മേഖലകളിലെ പരിചയസമ്പത്ത് പ്രധാനമാണ്. സുസ്ഥിരത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മിത ബുദ്ധിയുമായി ബന്ധപെട്ട നോഡല്‍ സെന്‍റര്‍ ഒരുക്കാന്‍ തയ്യാറാണെന്ന പാലക്കാട് ഐ ഐ ടി ഡയറക്ടറുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ തയ്യാറാണെന്ന് ഡോ വാസുകി അറിയിച്ചു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയിലെ ഡോ സന്തോഷ് കുറുപ്പ് മോഡറേറ്ററായി. കേരള ഐ ടി വിദഗ്ദ്ധസമിതി അംഗം വി.കെ. മാത്യൂസ് അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

ഇൻവെസ്റ്റ് കേരള സൂപ്പർ ഹിറ്റ്! ദുബായ് ഷറഫ് ഗ്രൂപ്പിൻ്റെ വമ്പൻ പ്രഖ്യാപനം: സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം