തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ വലയുന്നവരെ സഹായിക്കാന്‍ വേറിട്ട പദ്ധതിയുമായി ചിത്രകാരന്‍ സിപിന്‍ വത്സന്‍. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും ഈ വര്‍ഷത്തിലെ പ്രളയത്തിലും സ്വന്തം വീട്ടിലും വെള്ളം കയറിയതിന് പിന്നാലെയാണ് സിപിന്‍റെ തീരുമാനം. തന്‍റെ ചിത്രങ്ങള്‍ വിറ്റ് കിട്ടുന്നതില്‍ അറുപത് ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് സിപിന്‍റെ തീരുമാനം.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ ഹാങ്ങോവര്‍ മാറിയിട്ടില്ല. ഈ വര്‍ഷവും വീട് വെള്ളത്തില്‍ മുങ്ങിയാണ് കിടക്കുന്നത്. ഇതെല്ലാം ഞാനും നിങ്ങളും ചേര്‍ന്ന് വരുത്തി തീര്‍ത്ത അവസ്ഥയാണെന്ന് നല്ല ബോധ്യമുള്ളതിനാല്‍ സംഭവിച്ച നഷ്ടങ്ങള്‍ സഹിക്കുന്നുവെന്ന് ചിത്രങ്ങള്‍ വില്‍ക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ സിപിന്‍ വ്യക്തമാക്കുന്നു. മഴയില്‍ വെള്ളം കയറിയതിനാല്‍ താനും കുടുംബവും മറ്റൊരിടത്താണെന്ന് സിപിന്‍ പറയുന്നു. 

വേറിട്ട മാര്‍ഗങ്ങളിലൂടെ നിരവധിയാളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. പിഞ്ചു മകന്‍റെ കാന്‍സര്‍ ചികിത്സയ്ക്കായി സ്വരൂപിച്ച പണം ദുരിതാശ്വാസത്തിനായി നല്‍കി അടൂര്‍ സ്വദേശി അനസ് വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.