തിരുവനന്തപുരം: അരുവിക്കര ഡാമിന്‍റെ ഷട്ടർ ഒരുമണിക്കൂറിനുള്ളിൽ 30 സെന്‍റി മീറ്റർ തുറക്കും. കരമനയാറിന്‍റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം. ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്.  അടിയന്തര സാഹചര്യമുണ്ടായാല്‍ ഡാം തുറക്കുമെന്ന് നേരത്തെ ജില്ലാഭരണകൂടം അറിയിച്ചിരുന്നു. 

ദിവസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നത് വലിയ വിവാദമായിരുന്നു. പ്രതീക്ഷിച്ചതിലും കുടുതൽ മഴ പെയ്ത് ഡാം നിറഞ്ഞതോടെ യാതൊരു അറിയിപ്പുമില്ലാതെ ഡാം തുറക്കുകയായിരുന്നു. അരുവിക്കര ഡാമിലെ അഞ്ച് ഷട്ടറുകളായിരുന്നു അന്ന് തുറന്നത്. എന്നാല്‍ ദുരന്തനിവാരണ അതോറിറ്റിയേയും ജില്ലാ ഭരണകൂടത്തെയും അറിയിച്ച ശേഷമാണ് ഡാം തുറന്നതെന്നായിരുന്നു  ജല അതോറിറ്റിയുടെ വിശദീകരണം. ഷട്ടറുകള്‍ തുറക്കുന്നതിന് മുമ്പ് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നില്ല.