ദില്ലി: കർഷക സമരത്തോട് അനുഭാവം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കിയ പൊലീസ് നടപടിയെ വിമർശിച്ച് അരവിന്ദ് കെജ്രിവാളും കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും രംഗത്ത്. കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ആവശ്യം നിരാകരിച്ചതിന് തന്നോട് പകരംവീട്ടിയെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി.

തന്റെ വസതിയിലെത്തിയ ആം ആദ്മി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചേ മതിയാവൂ. സ്റ്റേഡിയങ്ങളെ ജയിലുകളാക്കി മാറ്റാത്തതിൽ കേന്ദ്ര സർക്കാർ പ്രതികാരം വീട്ടി. ഭാരത് ബന്ദ് വിജയിച്ചു. കർഷക സമരത്തോടുള്ള തന്റെ നിലപാട് കേന്ദ്ര സർക്കാരിനെ വിറളി പിടിപ്പിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.

ദില്ലി അറസ്റ്റും തടങ്കലും അപലനീയവും പ്രതിഷേധാർഹവുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. മോദി സർക്കാർ നടപ്പാക്കുന്നത് ഫാസിസമാണ്. കർഷകരുടെ ന്യായമായ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കണം. കേന്ദ്ര സർക്കാരിനെതിരെ ജനാധിപത്യ പാർട്ടികളെ അണിനിരത്തി പോരാടുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.