പദ്ധതി നീളുന്നതോടെ നിലവിലെ നിര്‍മ്മാണ ചെലവ് 6000 കോടിയല്‍ നിന്ന് ഗണ്യമായി ഉയര്‍ന്നേക്കും

തിരുവനന്തപുരം : ഒന്നാം പിണറായി സര്‍ക്കാര്‍ (first pinarayi govt)കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കോവളം ബേക്കല്‍ ജലപാത പദ്ധതി(water way) ഇഴഞ്ഞ് നീങ്ങുന്നു. ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തിട്ട് പത്ത് മാസം പിന്നിട്ടെങ്കിലും യാത്ര ചെയ്യാന്‍ ഇനിയും കാത്തിരിക്കണം. 2025 ല്‍ പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതിക്കായി വടക്കന്‍ കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല.പദ്ധതി ചെലവ് ആറായിരം കോടിയില്‍ നിന്ന് ഗണ്യമായി ഉയര്‍ർന്നേക്കാമെന്നും വിലയിരുത്തലുണ്ട്

ആഗോള ടൂറിസം മേഖലയില്‍ കേരളത്തിന് സവിശേഷമായ ഇടം ലഭിക്കുമെന്ന് പ്രതീക്ഷയോടെ പ്രഖ്യാപിച്ച പദ്ധതിയാണ് കോവളം ബേക്കല്‍ ജലപാത.616 കിലമീറ്റര്‍ നീളമുള്ള ജലപാത വഴി കുറഞ്ഞ ചെലവില്‍ യാത്രയും ചരക്കുനീക്കവും ഉറപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കാക്കുമെന്ന് പ്രഖാപനവും നടത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ്പ്പിന് മുമ്പ് ഒന്നാം ഘട്ടതിന്‍റെ ഉദ്ഘാടനം നടത്തി. ആദ്യഘട്ടത്തിന്‍റെ ഭാഗമായി കോവളം മുതല്‍ കൊല്ലം വരെ, ബോട്ടില്‍ യാത്ര ചെയ്യാന്‍ ഇനിയും ഏറെ കാത്തിരിക്കണം. ഭൂമി ഏറ്റെടുക്കലും, കയ്യേറ്റങ്ങള്‍ ഒഴിപ്പി്ക്കലും, കനാലുകളുടെ ആഴും കൂട്ടലും, നിലവിലെ പാലങ്ങള്‍ പൊളിച്ചുനീക്കലും ഇഴഞ്ഞ് നീങ്ങുകയാണ്.നിലവിലെ സ്ഥിതി അനുസരിച്ച് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ഇനിയും ഒരുവര്‍ഷശമെങ്കിലും വേണം.ഒന്നാംഘട്ട ഉദ്ഘാടനത്തിന് കൊണ്ടുവന്ന സോളാര്‍ ബോട്ട് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ മുസിരിസ് ടൂറിസം പദ്ധതിക്ക് കൈമാറിയിരിക്കയാണ്.

കൊല്ലംമുതല്‍ കോഴിക്കോട് വരെ ദേശിയ ജലപാതയാണ്. ദേശീയജലപാത അതോറിറ്റിയാണ് ഈ ഭാഗത്തെ നവീകരണം നടത്തുക.

കോവളം മുതല്‍ കൊല്ലം വരെയും, കോഴിക്കോട് മുതല്‍ ബേക്കല്‍ വരെയും ജലപാത സംസ്ഥാനം നവീകരിക്കണം.മാഹി -വളപട്ടണം പുതിയ കനാല്‍ നിര്‍മിക്കണം, നീലീശ്വരം -ചിറ്റാരിപ്പുഴയെ ബന്ധിപ്പിച്ചും പുതിയ കനാല്‍ വേണം. ഇതിനുല്ള സ്ഥലമേറ്റെടുപ്പ് പോലും ഇനിയും തുടങ്ങിയിട്ടില്ല.പദ്ധതി നീളുന്നതോടെ നിലവിലെ നിര്‍മ്മാണ ചെലവ് 6000 കോടിയല്‍ നിന്ന് ഗണ്യമായി ഉയര്‍ന്നേക്കും.കെ റെയില്‍ വിവാദം ചൂട് പിടിച്ചതോടെ ജലപാത സംബന്ധിച്ച മുഖ്യമന്ത്രിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളില്‍ ട്രോളുകളും നിറയുകയാണ്.