ഏഷ്യാനെറ്റ് ന്യൂസ് അഗോറ ഫെസ്റ്റിവലിന് മുന്നോടിയായുള്ള പുസ്തകോത്സവം തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിച്ചു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമാണ് മാതൃഭൂമി ബുക്സ് ഒരുക്കുന്ന പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അഗോറ ഫെസ്റ്റിവലിന് മുന്നോടിയായുളള പുസ്തകോത്സവത്തിന് തിരുവനന്തപുരം കനകക്കുന്നിൽ തുടക്കം. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ബുക്സാണ് ഞായറാഴ്ച വരെ പുസ്തകോത്സവം ഒരുക്കുന്നത്. അഗോറയ്ക്ക് വെളളിയാഴ്ച തുടക്കമാകും.
സംവാദങ്ങളുടെ വേദി, ആശയങ്ങളുടെ ആഘോഷം, കൂട്ടായ്മയുടെ ഇടം.. നാളെയെക്കുറിച്ചുളള ചിന്തകൾ വിരിയുന്ന ഏഷ്യാനെറ്റ് ന്യൂസിൻ്റെ അഗോറ ഫെസ്റ്റിവലിന് തുടക്കമാകാൻ ഇനി മൂന്ന് നാൾ കൂടി. അവിടേക്ക് അക്ഷരങ്ങളുടെ വാതിൽ തുറക്കുകയാണ് കനകക്കുന്നിലെ വേദിയിൽ പുസ്തകോത്സവം. മാതൃഭൂമി ബുക്സ് ഒരുക്കുന്ന പുസ്തകോത്സവം വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെ പുസ്തകശാല പ്രവർത്തിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമുളള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാണ്. അഗോറയിൽ അതിഥികളായി എത്തുന്ന ചിന്തകരുടെയും എഴുത്തുകാരുടെയും പുസ്തകങ്ങളുമുണ്ട്. വെളളിയാഴ്ചയാണ് അഗോറ ഉത്സവം തുടങ്ങുക. നൂറ്റി അൻപതിലധികം സെഷനുകളിലായി ഇരുന്നൂറ്റി അൻപതോളം പ്രഭാഷകരെത്തും. സിനിമയും ശാസ്ത്രവും ജെൻസിയും ടെക്നോളജിയുമെല്ലാം വിഷയങ്ങളാകും. നാളെയെക്കുറിച്ചുളള ചിന്തകളുടെ ഒഴുക്കിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സ്വാഗതം ചെയ്യുകയാണ്.

















