വിവിധ വിഭാഗങ്ങളിലായി ജൂറി തെരഞ്ഞെടുത്തിരിക്കുന്ന മികച്ച ചെറുകിട ഇടത്തരം വ്യവസായ സംരംഭകർ ഈ ചടങ്ങിൽ വെച്ച് ആദരിക്കപ്പെടും. പുത്തൻ ഉണർവ്വ് തേടുന്ന കേരളത്തിലെ എസ് എം ഇ സെക്ടറിന് ആകെ ഒരു പുതുചൈതന്യം പകരുന്ന വർണ്ണാഭമായ ഒരു ചടങ്ങാണ് സംഘടിപ്പിക്കപ്പെടുന്നത്. കേരളത്തിലെ ചെറുകിട- ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് ഊർജ്ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് എസ് എം ഇ അവതരിപ്പിച്ചത്
കൊച്ചി: സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യവസായ സംരഭകര്‍ക്കായുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ എസ് എം ഇ പുരസ്കാരങ്ങൾ മാർച്ച് ഒമ്പതാം തീയതി കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ വെച്ച് പ്രഖ്യാപിക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ തുടങ്ങുന്ന ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട മന്ത്രി എ സി മൊയ്തീനാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. പ്രസ്തുത ചടങ്ങിൽ ഫെഡറൽ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ്ങ് ഡയറക്ടറുമായ ശ്യാം ശ്രീനിവാസൻ, ഇൻഡസ്ട്രീസ് പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം ജി രാധാകൃഷ്‌ണൻ, ഏഷ്യാനെറ്റ് ഡയറക്ടർ ഫ്രാങ്ക് പി തോമസ്, കേരളാ സ്റ്റേറ്റ് സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സുപ്രസിദ്ധ മോട്ടിവേഷണൽ സ്പീക്കറായ സജീവ് നായർ അവതരിപ്പിക്കുന്ന 'മേക്ക് യുവർ ബിസിനസ് ഫ്യൂച്ചർ റെഡി' എന്ന വളരെ വിജ്ഞാനപ്രദമായ ഒരു സെഷനും ചടങ്ങിൽ ഉണ്ടായിരിക്കുന്നതാണ്.
വിവിധ വിഭാഗങ്ങളിലായി ജൂറി തെരഞ്ഞെടുത്തിരിക്കുന്ന മികച്ച ചെറുകിട ഇടത്തരം വ്യവസായ സംരംഭകർ ഈ ചടങ്ങിൽ വെച്ച് ആദരിക്കപ്പെടും. പുത്തൻ ഉണർവ്വ് തേടുന്ന കേരളത്തിലെ എസ് എം ഇ സെക്ടറിന് ആകെ ഒരു പുതുചൈതന്യം പകരുന്ന വർണ്ണാഭമായ ഒരു ചടങ്ങാണ് സംഘടിപ്പിക്കപ്പെടുന്നത്. കേരളത്തിലെ ചെറുകിട- ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് ഊർജ്ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് എസ് എം ഇ അവതരിപ്പിച്ചത്. ചെറുകിട-ഇടത്തരം വ്യവസായ സംരംഭകരുടെ ശബ്ദങ്ങൾക്ക് കരുത്തേകാനും, ആഗോളതലത്തിൽത്തന്നെ കിടപിടിക്കുന്ന രീതിയിലുള്ള കേരളത്തിലെ എസ് എം ഇ സംരംഭങ്ങളെ തിരിച്ചറിഞ്ഞ് അംഗീകരിക്കുവാനുമുള്ള ഒരു ആത്മാർത്ഥപരിശ്രമമാണ് ഈ പുരസ്കാരങ്ങൾ.
തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടർന്ന്, കഠിനമായ അദ്ധ്വാനത്തിലൂടെ സാഹചര്യങ്ങളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റി, സംസ്ഥാനസർക്കാരും വ്യവസായ വകുപ്പും വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, നമ്മുടെ നാട്ടിൽ തന്നെ തങ്ങളുടേതായ ചെറുകിട ശരാശരി വ്യവസായ സംരംഭങ്ങൾക്ക് ജന്മം നൽകി, ദീർഘവീക്ഷണത്തോടെയും കൃത്യമായ ഉല്പാദന, വിപണന തന്ത്രങ്ങളിലൂടെ മികച്ച വിജയം കൈവരിച്ച് കേരളത്തിന്റെ വ്യാവസായിക മണ്ഡലത്തിൽ പുതു താരകങ്ങളായി ഉദിച്ചുയർന്ന പല സ്റ്റാർട്ടപ്പ് പ്രസ്ഥാനങ്ങൾക്കും കേരള വ്യവസായ രംഗത്തിൽ മാധ്യമങ്ങളുടെയും നിക്ഷേപകരുടെയും ശ്രദ്ധ നേടിക്കൊടുക്കാൻ പോവുന്ന ഒരു അപൂർവ്വ അവസരം കൂടിയാവും ഈ അവാർഡ് ദാന ചടങ്ങ്.
