Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ വിലക്ക്: പാര്‍ലമെന്‍റില്‍ ഇന്ന് ചര്‍ച്ചയാകും

അടിയന്തരപ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ ശൂന്യവേളയിൽ വിഷയം ഉന്നയിക്കും

Asianet News and Media One ban: opposition partys wants debate in parliament today
Author
New Delhi, First Published Mar 11, 2020, 1:02 AM IST

ദില്ലി: ഏഷ്യാനെറ്റ് ന്യൂസ് മീഡിയ വൺ എന്നീ മാധ്യമങ്ങളെ വിലക്കിയ നടപടി ഇന്ന് പ്രതിപക്ഷം പാർലമെന്‍റിൽ ഉന്നയിക്കും. എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കും. രാജ്യസഭയിൽ മറ്റ് നടപടികൾ മാറ്റിവച്ച് ചർച്ച വേണമെന്ന നോട്ടീസ് ബിനോയ് വിശ്വം നല്കിയിട്ടുണ്ട്. കൂടുതൽ എംപിമാർ ഈ വിഷയം ഉന്നയിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അടിയന്തരപ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ ശൂന്യവേളയിൽ വിഷയം ഉന്നയിക്കും. ദില്ലി കലാപത്തെക്കുറിച്ചുള്ള ഹ്രസ്വ ചർച്ച ലോക്സഭയിൽ ഇന്നത്തെ അജണ്ടയിലുണ്ട്. ചർച്ചയിലും പ്രതിപക്ഷം മാധ്യമവിലക്ക് പരാമർശിക്കും. രാജ്യസഭയിൽ നാളെയാണ് ദില്ലി കലാപത്തെക്കുറിച്ചുള്ള ചർച്ച.

ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണിനും കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ തുടക്കമെന്ന നിലയിലാണ് പ്രതിപക്ഷം ഉന്നയിക്കുക. കേന്ദ്ര നടപടി നൂറ് ശതമാനം ജനാധിപത്യ വിരുദ്ധമാണെന്നും എൻകെ പ്രേമചന്ദ്രൻ ചൂണ്ടികാട്ടി. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ കേട്ട് കേൾവിയില്ലാത്ത നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അടിയന്തരാവസ്ഥക്കെതിരെ പൊരുതിയ പാര്‍ട്ടിയെന്നാണ് ബിജെപിയുടെ അവകാശ വാദം. എന്നാൽ രണ്ട് ചാനലുകൾക്ക് സ്വാഭാവികമായ നീതി പോലും അനുവദിക്കാതെയാണ് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാദം ശക്തമായി ഉയര്‍ത്തിക്കൊണ്ട് വന്ന് ബിജെപിക്കെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം

തെറ്റായ വാര്‍ത്തയുണ്ടെന്നോ വ്യാജ വാര്‍ത്തയുണ്ടെന്നോ നോട്ടീസിൽ പറയുന്നില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ വിശദീകരണം തേടാനും പ്രതിപക്ഷത്തിന് പദ്ധതിയുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും സംപ്രേക്ഷണം വിലക്കി നല്കിയനോട്ടീസ് അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടികാട്ടുന്നു. തെറ്റായ വാർത്തയോ വ്യാജ വാർത്തയോ ഏഷ്യാനെറ്റ് ന്യൂസ് നല്കിയതായി നോട്ടീസിൽ ഒരിടത്തും പറയുന്നില്ല. നേരത്തെ ചാനല്‍ വിലക്ക് സംബന്ധിച്ച് പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തിയതായി വാര്‍ത്താവിതരണ മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം ജ്യോതിരാദിത്യ സിന്ധ്യയെ ഒപ്പം കൂട്ടി മധ്യപ്രദേശ് സർക്കാരിനെതിരെ ബിജെപി നടത്തുന്ന നീക്കങ്ങളും ഇന്ന് പാർലമെൻറിനെ പ്രക്ഷുബ്ധമാക്കും.

Follow Us:
Download App:
  • android
  • ios