Asianet News MalayalamAsianet News Malayalam

'ഒരുമയാണ് നാം, ഉരുകിടാതെ നാം..': ലഹരിക്കെതിരെ കൈ കോര്‍ക്കാൻ പ്രചാരണ ഗാനവുമായി ഏഷ്യാനെറ്റ് ന്യൂസ്

ഏഷ്യാനെറ്റ് ന്യൂസിൻ്റെ ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെ പുതിയ അടയാളമാണ് ജീവിതത്തിൻ്റെ സൗന്ദര്യവും ലഹരി വിരുദ്ധ നിലപാടും ഒരേ പോലെ സമന്വയിക്കുന്ന മനോഹരമായ ഈ പാട്ട്

Asianet News Anti Drug Campaign
Author
First Published Nov 14, 2022, 12:13 PM IST

ഇന്നോളം അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഈ കാലം നമ്മളെ കൊണ്ടുപോകുന്നത്. രാസലഹരിയുടെ ചുഴിയിൽ വീണ് പുറത്തുകടക്കാനാവാതെ ഉഴറുന്നവരിലേറെയും യുവാക്കളും കൗമാരക്കാരുമാണ്. നമുക്ക് പുറത്തുകടന്നേ മതിയാകൂ. നാടാകെ കൈ കോർത്തേറ്റെടുത്ത ആ ദൗത്യത്തിൽ ഏഷ്യാനെറ്റ് ന്യൂസും കണ്ണിചേർന്നു. ഒന്നിക്കാം, നോ പറയാമെന്ന മുദ്രാവാക്യമുയർത്തി. അന്വേഷണത്തിന്റെയും ബോധവത്കരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും അടുത്ത ഘട്ടത്തിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് കടക്കുകയാണ്.

ജീവിതത്തിൻ്റേയും സൗഹൃദത്തിൻ്റേയും സൗന്ദര്യവും ലഹരി വിരുദ്ധ നിലപാടുകളും ഒരേ പോലെ സമന്വയിക്കുന്ന മനോഹരമായ ഈ പാട്ടിലൂടെ ഏഷ്യാനെറ്റ് ന്യൂസിൻ്റെ ലഹരിവിരുദ്ധ പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ പാട്ടിൻ്റെ വരികൾ രചിച്ചത് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ പിജി സുരേഷ് കുമാറാണ്. പിജിയുടെ വരികൾക്ക്  ഈണമിട്ടിരിക്കുന്നത് കേരളത്തിൻ്റെ സ്വന്തം സംഗീതബാൻഡായ ഊരാളിയും. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നായി പതിനാലായിരം കുട്ടികളാണ് ദേശീയ ശിശുദിനമായ ഇന്ന് ലഹരി വിരുദ്ധ പരിപാടികളിൽ പങ്കെടുത്ത് കൊണ്ട് ഈ പാട്ട് ഏറ്റു പാടുന്നത്.

മയക്കുമരുന്നിനെതിരെയുള്ള സർക്കാരിന്‍റെ രണ്ടാംഘട്ട പ്രചാരണത്തിനും ഇന്ന് തുടക്കമാവുകയാണ്. ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ്‌ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്‌. രാവിലെ 11ന് മയക്കുമരുന്നിനെതിരെയുള്ള മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെ രണ്ടാംഘട്ട ക്യാമ്പയിന്‌ തുടക്കമായി. 

എക്സൈസ്‌ വകുപ്പും വിമുക്തി മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും അഞ്ചുമുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള കുട്ടികൾക്കായി തയ്യാറാക്കിയ 'തെളിവാനം വരയ്ക്കുന്നവർ' ബോധവത്കരണ പുസ്തകത്തിന്‍റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ഇന്ന് സംസ്ഥാനത്തെ എല്ലാ ക്ലാസിലും ലഹരിവിരുദ്ധ ക്ലാസ്‌ സഭകളും ചേരും. ഇതിനായി ഒരു പിരിയഡ്‌ ഉപയോഗിക്കും. 

Follow Us:
Download App:
  • android
  • ios