28ന്‍റെ തിളക്കത്തില്‍ ഏഷ്യാനെറ്റ് ന്യൂസ്, മലയാളിയുടെ ശീലം, നേരോടെ നിര്‍ഭയം നിരന്തരം മുന്നോട്ട്
വാര്‍ത്താ ലോകത്ത് 28 വർഷം പൂർത്തിയാക്കി ഏഷ്യാനെറ്റ് ന്യൂസ്. സമൂഹത്തിന്റെ സ്പന്ദനം അറിഞ്ഞും അറിയിച്ചും കാലങ്ങൾ മാറുമ്പോഴും മലയാളിയുടെ വാര്‍ത്താ ശീലത്തിൽ ഇന്നും എന്നും ഒന്നാമതായി ഏഷ്യാനെറ്റ് ന്യൂസ്

തിരുവനന്തപുരം: മലയാളിയുടെ വാർത്താ ശീലമായി ഏഷ്യാനെറ്റ് ന്യൂസ് മാറിയിട്ട് ഇന്ന് 28 വർഷം പൂർത്തിയാകുന്നു. 1995 സെപ്റ്റംബര്‍ 30.. രാത്രി ഏഴര മണിക്കാണ് മലയാള ടെലിവിഷന്‍ ചരിത്രത്തിൽ സര്‍ക്കാരിതര സ്വതന്ത്ര മേഖലയില്‍ ആദ്യമായി ടെലിവിഷന്‍ വാര്‍ത്താ സംപ്രേഷണം ആരംഭിക്കുന്നത്. തുടക്കം കടലിനക്കരെ സുബിക് ബേയിൽ നിന്നായിരുന്നു. ദൂരദര്‍ശന്‍റെ വാര്‍ത്ത മാത്രം പരിചയിച്ചിരുന്ന മലയാളികള്‍ക്ക് ഏഷ്യാനെറ്റിന്‍റെ സാന്നിധ്യം പുതിയൊരു അനുഭവമായി.
പിന്നീട് സിങ്കപ്പൂരിലേക്ക് ഏഷ്യാനെറ്റ് ന്യൂസിനെ പറിച്ചുനട്ടു.1996ല്‍ രാജ്യത്തെയും സംസ്ഥാനത്തേയും തിരഞ്ഞെടുപ്പിന്‍റെ തല്‍സമയ സംപ്രേഷണവും വിശകലനവും ലോകമെങ്ങുമുളള മലയാളികള്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ കണ്ടു.
1997ലാണ് ഇന്ത്യയുടെ ആകാശം സ്വകാര്യ ടെലിവിഷനുകള്‍ക്ക് തുറന്നുകൊടുക്കുവാനുളള സുപ്രധാനമായ തീരുമാനം എത്തുന്നത്. ചെന്നൈയിലെ കൊരട്ടൂരിലെ ബി.എസ്.എന്‍.എല്‍ കേന്ദ്രത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രവർത്തനം തുടങ്ങി. രാഷ്ട്രീയത്തിനപ്പുറം, ജീവിത യാഥാർത്ഥ്യങ്ങളാണ് മലയാളിക്ക് മുന്നിൽ തുറന്ന് കാട്ടപ്പെട്ടത്. കണ്ണാടി കണ്ട് സാമൂഹികപരമായും സാംസ്കാരികമായും മലയാളി മുഖം മിനുക്കി.
എയ്ഡ്സ് രോഗിയായ സുശീലയും നക്സലൈറ്റ് നേതാവ് വര്‍ഗീസിനെ മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വെടിവച്ചു കൊന്നെന്ന് വെളിപ്പെടുത്തിയ രാമചന്ദ്രന്‍ നായരും മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കാളിന്ദിയാക്കിയ ചാലിയാറും അങ്ങനെ എത്രയെത്ര ജീവിത പ്രശ്നങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലൂടെ സംപ്രേക്ഷണം ചെയ്തു. യുഗപുരുഷനായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ സാന്നിധ്യം എന്‍റെ നോട്ടത്തില്‍ എന്ന പ്രതിവാര പരിപാടിയിലൂടെ ഏഷ്യാനെറ്റ് ന്യൂസിലുണ്ടായിരുന്നു.
ഒരു മുഖ്യമന്ത്രി, സാധാരണക്കാരന്‍റെ പരാതി കേട്ട് അപ്പപ്പോൾ പരിഹാരം നിർദേശിക്കുന്നതും ഒരു പക്ഷേ ഇന്ത്യൻ മാധ്യമ ചരിത്രത്തിൽ ആദ്യമാകും. പരിപാടിക്ക് പ്രചോദനവും പിന്തുണയുമായി ഒപ്പം നടന്നത് മലയാളിയുടെ ലീഡർ ആയിരുന്നു. 1999ൽ കാർഗിൽ യുദ്ധം, 2001ൽ ഗുജറാത്ത് ഭൂകമ്പം, വേൾഡ് ട്രേഡ് സെന്‍റര്‍ ആക്രമണം, 2001 ഡിസംബറിൽ ഇന്ത്യൻ പാർലമെന്‍റിന് നേരെ ഭീകരാക്രമണം ഉണ്ടായപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് പകർത്തിയ ദൃശ്യങ്ങളിലൂടെ അത് മലയാളിയും ലോകവും കണ്ടു. 2018ൽ മഹാപ്രളയം കേരളത്തെ മുക്കിയപ്പോൾ, ഇമചിമ്മാതെ, കണ്ണു തുറന്നിരുന്നു. വാര്‍ത്തയറിക്കുന്നതിന് അപ്പുറം, രക്ഷാകരം നീട്ടുകയും ചെയ്തു ഏഷ്യാനെറ്റ് ന്യൂസ്. കൊവിഡ് മഹാമാരിക്കാലത്തും കൈത്താങ്ങായി. യുക്രെയ്നിൽ യുദ്ധമുഖത്തും എത്തി. മറുനാട്ടിലും മലയാളിക്ക് തുണയായി ഏഷ്യാനെറ്റ് ന്യൂസെത്തി .
2001ലെ തെരഞ്ഞെടുപ്പ് ഫലം;മുഖ്യമന്ത്രി ഇകെ നായനാർ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെത്തിയ ദൃശ്യങ്ങൾ, അങ്ങനെ വേദനയിലും സന്തോഷത്തിലും ലോകത്തിന്‍റെ ഏതു കോണിലായിരുന്നാലും മലയാളിക്കൊപ്പം എന്നും എപ്പോഴും ഏഷ്യാനെറ്റ് ന്യൂസുണ്ടായിരുന്നു. വേദനിക്കുന്നവര്‍ക്കൊപ്പം ഭാഷാ ദേശ ഭേദങ്ങളില്ലാതെ ഏഷ്യാനെറ്റ് ന്യൂസുണ്ട് . 2001 ൽ ഗുജറാത്തിലെ ഭൂകമ്പത്തിൽ എല്ലാവരുടെ ഇടയിലേയ്ക്ക് ദുരിതാശ്വാസവുമായി ഓടിയെത്തി. തിരുത്തൽ ശക്തിയായി, ശബ്ദമില്ലാത്തവരുടെ ശബ്ദമായി, എണ്ണമറ്റ അന്വേഷണ പരമ്പരകള്‍, കുടിയല്ല ജീവിതം പോലെ മലയാളിയെ ചിന്തിപ്പിച്ച റിപ്പോർട്ടുകൾ, മരങ്ങളെ സ്നേഹിച്ച് പരിസ്ഥിതിയെ സ്നേഹിക്കാൻ പഠിപ്പിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടി.
പ്രിയ നേതാക്കള്‍ക്ക് കേരളം കണ്ണീരോടെ വിട ചൊല്ലിയപ്പോഴും വിലാപയാത്രയിലൊപ്പം ഏഷ്യാനെറ്റ് ന്യൂസ് സജീവ സാന്നിധ്യമായി. ഇഎംഎസ്, നായനാർ, കരുണാകരൻ, ഗൗരിയമ്മ, ഒടുവിൽ ഉമ്മൻചാണ്ടിയും. 2016 ജനുവരി 30 ഏഷ്യാനെറ്റ് ന്യൂസിന് മാത്രമല്ല മലയാളികൾക്കാകെ മറക്കാനാകാത്ത ദിനമാണ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് ടി. എൻ.ഗോപകുമാറിന്‍റെ വിയോഗം. അറിഞ്ഞും അറിയിച്ചും മലയാളിയുടെ ശീലമായ ഏഷ്യാനെറ്റ് ന്യൂസിന്‍റെ യാത്ര 28 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇനി മുന്നോട്ടുള്ള യാത്രയിലും പ്രേക്ഷകർക്ക് തരാനുള്ള ഉറപ്പ് ഇത് മാത്രമാണ് ഒപ്പമുണ്ടാകും നേരോടെ നിരന്തരം നിർഭയം